സമ്മാനം നല്‍കി വോട്ട് തേടുന്നവര്‍. . . തമിഴ്‌നാട് രാഷ്ട്രീയത്തിലെ അട്ടിമറികള്‍ !

രാജ്യം പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോവുകയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ എല്ലാവിധ അടവുകളും പുറത്തെടുക്കുന്ന അവസരമാണ് ഇത്. സൗജന്യമായി വിവിധ വസ്തുക്കള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതാണ് ഇതില്‍ പ്രധാനപ്പെട്ട ഒരു തെരഞ്ഞെടുപ്പ് തന്ത്രം. തമിഴ്‌നാട്ടിലാണ് ഈ സമ്പ്രദായം വലിയ തോതില്‍ നിലവിലുള്ളത്. വിജയുടെ സര്‍ക്കാര്‍ സിനിമയില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഈ സംവിധാനത്തെ വിമര്‍ശിച്ചത് വലിയ കോലാഹലമുണ്ടാക്കിയിരുന്നു. എന്നാല്‍, ഇതൊരു യാഥാര്‍ത്ഥ്യമാണ്. കൈക്കൂലിയ്ക്ക് സമാനമാണ് ഈ വാഗ്ദാനങ്ങളും ഇത്തരം നേരിട്ടുള്ള പ്രവര്‍ത്തനങ്ങളും.

എം.ജി രാമചന്ദ്രന്‍ മുണ്ടുകളും സാരികളും സൗജന്യമായി നല്‍കിക്കൊണ്ട് രാഷ്ട്രീയത്തില്‍ സുപ്രധാന ഇടപെടലുകള്‍ നടത്തിയത് ആവര്‍ത്തിക്കുകയാണ് പിന്നീട് വന്ന എല്ലാവരും ചെയ്തത്. 2006ല്‍ ദ്രാവിഡ മുന്നേറ്റ കഴകം ഓരോ വീട്ടിലേയ്ക്കും സൗജന്യ കളര്‍ ടിവി വാഗ്ദാനം ചെയ്തു കൊണ്ട് ഇതൊരു വലിയ തെരഞ്ഞെടുപ്പ് മാര്‍ഗ്ഗമാക്കി മാറ്റി.

കുടുബത്തിന്റെ വരുമാനമോ മറ്റ് കാര്യങ്ങളോ ഒന്നും തന്നെ ടിവി ലഭിക്കുന്നതിന് തടസ്സമല്ലായിരുന്നു. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ജയലളിതയുടെ എഐഎഡിഎംകെ യെ പരാജയപ്പെടുത്തി ഡിഎംകെ മിന്നുന്ന വിജയം നേടി. 2011 വരെ ജയലളിത കാത്തിരുന്നു. തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ അവര്‍ 9000 കോടി രൂപയുടെ വിവിധ സാധനങ്ങളാണ് വാഗ്ദാനം ചെയ്തത്.

9 ലക്ഷം പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി ലാപ് ടോപ്പ്, 25 ലക്ഷം മിക്‌സികള്‍, ഗ്രെയ്ന്ററുകള്‍, ടേബിള്‍ ഫാനുകള്‍, നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹാവശ്യത്തിനായി നാല് പവന്‍ സ്വര്‍ണ്ണവും അമ്പതിനായിരം രൂപ, കര്‍ഷകര്‍ക്കായി 60,000 ഹരിതഗൃഹങ്ങള്‍, സൗജന്യ അരി, പശുക്കള്‍ തുടങ്ങിയവയെല്ലാം ജയലളിതയുടെ വാഗ്ദാനങ്ങളായിരുന്നു. ജയലളിത ആ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിച്ചു.

അതിനു ശേഷം ഇങ്ങോടുള്ള എല്ലാ തെരഞ്ഞെടുപ്പിലും വിജയം ഉറപ്പിക്കാന്‍ സൗജന്യമായി വസ്തുക്കളുടെ വിതരണം തന്ത്രമായി എല്ലാവരും ഏറ്റെടുത്തു. കോടതികളിലും വിഷയം ആളിപ്പടര്‍ന്നു. സുബ്രഹ്മണ്യം ബാലാജി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് തമിഴ്‌നാട് കേസ് 2013ല്‍ സുപ്രീംകോടതി മുറിയ്ക്കുള്ളിലും മുഴങ്ങി. കൈക്കൂലിയ്ക്ക് സമാനമായ സംവിധാനമാണ് ജനങ്ങള്‍ക്ക് സൗജന്യമായി വസ്തുക്കള്‍ വിതരണം ചെയ്യുന്നത് എന്ന വാദമുയര്‍ന്നു.

ഇത്, 1951 ലെ റെപ്രസെന്റേഷന്‍ ഓഫ് പീപ്പിള്‍ ആക്ടിന്റെ നഗ്മായ ലംഘനമാണെന്നും കോടതിയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. എന്നാല്‍, ഒരു വ്യക്തി നല്‍കുന്ന സൗജന്യങ്ങള്‍ മാത്രമേ കൈക്കൂലിയുടെ കീഴില്‍ വരൂ, രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് ഈ നിയമം ബാധകമല്ല എന്ന കാരണത്താല്‍ കേസ് തള്ളി.

നിയമപരമായ ഇതിന്റെ സാധുത എന്തു തന്നെയയാലും ധാര്‍മ്മികമായി ഇത് അംഗീകരിക്കാനാകില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുക മാത്രമാണ് കോടതി ചെയ്തത്. തമിഴ്‌നാട്ടിലേതിന് സമാനമായ വലിയ തെരഞ്ഞെടുപ്പ് അട്ടിമറികള്‍ സൗജന്യ വസ്തുക്കളുടെ വിതരണം മൂലം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധ ഈ മേഖലയ്ക്ക് കൊടുക്കുന്നുണ്ട്. കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് കമ്മീഷന്‍ പുറത്തു വിട്ടിരിക്കുന്നത്. എന്നാല്‍, ഇതെല്ലാം വേണ്ട വിധം നിയന്ത്രിക്കേണ്ടത് അധികാരികളെപ്പോലെ തന്നെ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനങ്ങളുടെയും ഉത്തരവാദിത്വമാണ്.

റിപ്പോര്‍ട്ട്:എ.ടി അശ്വതി

Top