തെരഞ്ഞെടുപ്പ് പരാജയം; താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജില്ല, മണ്ഡലം, ബ്ലോക്ക് തലങ്ങളില്‍ പുനഃസംഘടന വേണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. യുഡിഎഫിന്റെ പരമ്പരാഗത വോട്ട് ബാങ്ക് തിരിച്ചുപിടിക്കണം, രാഹുല്‍ ഗാന്ധി കേരളത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണം എന്നീ കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ ദിവസമാണ് താരിഖ് അന്‍വര്‍ സോണിയാ ഗാന്ധിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം 0.9 ശതമാനം മാത്രമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ടുതന്നെ കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ സാഹചര്യം ഇപ്പോഴും നിലവിലുണ്ട്. പരമ്പരാഗത വോട്ട് ബാങ്കുകള്‍ യുഡിഎഫില്‍ നിന്ന് അകന്നുപോയിട്ടുണ്ട്. അത് തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ കോണ്‍ഗ്രസ് നേതൃത്വം എടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളത്തില്‍ ഇനി കോണ്‍ഗ്രസിന് കൂട്ടായ നേതൃത്വം വേണം, സംഘടനാ തലത്തിലും തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ടുവരണം എന്നീ നിര്‍ദേശങ്ങളും താരിഖ് അന്‍വര്‍ മുന്നോട്ടുവെക്കുന്നു. കൃസ്ത്യന്‍ മുസ്ലിം വോട്ട് ബാങ്കുകള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പല കാരണങ്ങളാല്‍ യുഡിഎഫില്‍ നിന്നും അകന്നുപോയിരിക്കുന്നു. അവരെ മടക്കിക്കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സംഘടനാ തലത്തില്‍ സ്വീകരിക്കണം.

ജില്ലാ തലങ്ങളിലും മണ്ഡലം, ബ്ലോക്ക് തലങ്ങളിലും അഴിച്ചുപണി വേണം. എത്രയും പെട്ടെന്നുതന്നെ ഈ നടപടികള്‍ക്ക് തുടക്കം കുറിക്കണം. ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ സജീവമായി രംഗത്തുവരണമെന്നും താരിഖ് അന്‍വറിന്റെ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.

Top