parties-can-t-use-government-fund-to-promote-their-symbol-election-commission

ന്യൂഡല്‍ഹി: പൊതുമുതലും സര്‍ക്കാര്‍ സംവിധാനവും ഉപയോഗിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചാരണം നല്‍കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.

പൊതു മുതല്‍ ഉപയോഗിച്ച് പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ സ്ഥാപിക്കുന്നതും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പൊതുഖജനാവിലെ പണം അടക്കമുള്ളവ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ചട്ടങ്ങള്‍ തയ്യാറാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇങ്ങനെ നിര്‍ദ്ദേശിച്ചത്.

2012ലെ യു.പി നിയമസഭാ തിരഞ്ഞെടുപ്പില്‍ മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജനസമാജ്‌വാദി പാര്‍ട്ടി തങ്ങളുടെ ചിഹ്നമായ ആനയുടെ പ്രതിമകള്‍ സംസ്ഥാനത്തുടനീളം സ്ഥാപിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഹൈക്കോടതി കമ്മിഷന് കൈമാറിയത്.

പൊതുമുതലോ, പൊതുസംവിധാനങ്ങളോ പൊതുപണമോ ഉപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള പ്രചാരണങ്ങളോ പരസ്യങ്ങളോ പാര്‍ട്ടിക്കോ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നത്തിലോ നല്‍കരുതെന്ന് ചൂണ്ടിക്കാട്ടി അതാത് പാര്‍ട്ടികളുടെ പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും കമ്മിഷന്‍ കത്തെഴുതി.

ഇങ്ങനെ ചെയ്യുന്നത് സ്വതന്ത്രവും സുഗമവും മാന്യവുമായ തിരഞ്ഞെടുപ്പ് നടപടികളുടെ ലംഘനമാണെന്നും കമ്മിഷന്‍ വ്യക്തമാക്കി. കമ്മിഷന്റെ നിര്‍ദ്ദേശങ്ങളുടെ ധിക്കരിക്കലായി ഇതിനെ കാണുമെന്നും കത്തില്‍ പറയുന്നു.

Top