election commission to announce 12 pm election dates for upcoming assembly polls

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്നു 12 മണിക്ക് പ്രഖ്യാപിക്കും.

ഉത്തര്‍പ്രദേശിനെ കൂടാതെ മണിപ്പൂര്‍, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ്. യുപിയില്‍ ആറു ഘട്ടമായാണ് തിരഞ്ഞെടുപ്പ് എന്നാണ് സൂചന.

പ്രഖ്യാപനത്തിനു മുന്നോടിയായുള്ള അവസാനവട്ട വിലയിരുത്തല്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ നടത്തിക്കഴിഞ്ഞു.

നോട്ട് അസാധുവാക്കല്‍ ഉള്‍പ്പെടെ രണ്ടര വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നിര്‍ണായക തീരുമാനങ്ങളുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഏറ്റവും വലിയ ജനകീയ പരീക്ഷ കൂടിയാകും അഞ്ചുസംസ്ഥാനങ്ങളിലെയും വിധിയെഴുത്ത്.

അഞ്ചുസംസ്ഥാനങ്ങളിലും ബിജെപി മല്‍സരവേദികളിലെ ശക്തമായ സാന്നിധ്യമാണ്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനും തിരഞ്ഞെടുപ്പു ഫലം ഏറെ നിര്‍ണായകമാകും.

യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും ബിജെപിയും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി കോണ്‍ഗ്രസ് നിലനില്‍പ്പിനായുള്ള ജീവന്‍മരണ പോരാട്ടത്തിലാണ്.

മുലായം- അഖിലേഷ് മൂപ്പിളമത്തര്‍ക്കത്തിന്റെ ഭാവി സമാജ്‌വാദി പാര്‍ട്ടിയുടെ വിധി നിര്‍ണയിക്കും. ദലിത് രാഷ്ട്രീയത്തിനൊപ്പം താഴേത്തട്ടിലെ കൃത്യമായ പ്രവര്‍ത്തനം മായാവതിക്കു ഗുണം ചെയ്യുന്നു. ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ടാണ് ബിജെപിയുടെ തന്ത്രങ്ങള്‍ മെനയുന്നത്.

ഭരണം കൈയ്യാളുന്ന അകാലിദള്‍ – ബിജെപി സഖ്യവും അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും തമ്മിലുള്ള ബലാബലത്തിനിടയിലേക്കു ശക്തമായ സാന്നിധ്യമായി ആം ആദ്മി പാര്‍ട്ടിയുടെ കടന്നുവരവ് പഞ്ചാബില്‍ ത്രികോണ മല്‍സരത്തിനു വഴിവച്ചിട്ടുണ്ട്.

ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തിലൂടെ കോണ്‍ഗ്രസ് വീണ്ടും സര്‍ക്കാരുണ്ടാക്കാമെന്നു കണക്കുകൂട്ടുന്നുണ്ടെങ്കിലും ബിജെപിയും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്.

മനോഹര്‍ പരീക്കറിന്റെ പിന്‍ഗാമിയായെത്തിയ ലക്ഷമികാന്ത് പര്‍സേക്കര്‍ ബിജെപിക്കു ഭരണത്തുടര്‍ച്ച നല്‍കുമോ അതോ ആം ആദ്മി പാര്‍ട്ടി പുതിയ ചരിത്രം രചിക്കുമോ എന്നതാണു ഗോവാ രാഷ്ട്രീയത്തിലെ പ്രധാന ചോദ്യം.

മണിപ്പൂരില്‍ അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭരണം നേടാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ പ്രവചനാതീതമാക്കുന്നു. നിരാഹാരസമരം അവസാനിപ്പിച്ച മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ശര്‍മിളയുടെ രാഷ്ട്രീയ പ്രവേശനം മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ കൂടുതല്‍ പ്രസക്തമാക്കുന്നു.

Top