election commission takes up kejriwal challenge

ന്യൂഡല്‍ഹി : ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസീയത സംബന്ധിച്ച ഡല്‍ഹി മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്‍.

സാങ്കേതിക വിദഗ്ധര്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, ശാസ്ത്രജ്ഞര്‍ എന്നിവരുടെ സംഘത്തെ വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസീയതയും സുരക്ഷാ ക്രമീകരണങ്ങളും പരിശോധിക്കാന്‍ കമ്മിഷന്‍ ക്ഷണിച്ചു.

2009 മുതല്‍ വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കാന്‍ അവസരം നല്‍കിവരുന്നതാണെന്നും എന്നാലിതുവരെ ആരും ഇതു സംബന്ധിച്ച് പരാതികളൊന്നും ഉന്നയിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

രാജ്യത്ത് നിലവില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടക്കുന്നതായി അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. 72 മണിക്കൂര്‍ സമയം നല്‍കിയാല്‍ വോട്ടിങ് യന്ത്രങ്ങളിലെ തിരിമറി തെളിയിക്കാമെന്നുമായിരുന്നു കെജ്‌രിവാളിന്റെ വെല്ലുവിളി.

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിനു വേണ്ടി സജ്ജമാക്കിയ വോട്ടിങ് യന്ത്രത്തിലുണ്ടായ പിഴവാണ് പുതിയ വിവാദങ്ങള്‍ക്കു കാരണം. പരിശോധനയുടെ ഭാഗമായി സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്കു വേട്ടു ചെയ്തപ്പോള്‍, വോട്ടു ചെയ്തത് ബിജെപിക്കാണെന്നാണ് യന്ത്രം രേഖപ്പെടുത്തിയത്.

ഇതേത്തുടര്‍ന്ന് ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്കു പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു.

Top