കോണ്‍ഗ്രസ്സ് ബൂത്ത് കയ്യടക്കിയെന്ന സ്മൃതിയുടെ ആരോപണം കൃത്രിമം; ഇലക്ഷന്‍ കമ്മീഷന്‍

ന്യൂഡല്‍ഹി: അമേഠിയില്‍ തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ബൂത്ത് പിടിച്ചെടുത്തു എന്ന സ്മൃതി ഇറാനിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഉത്തര്‍പ്രദേശ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറാണ് പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം സ്മൃതി പ്രചരിപ്പിച്ച വീഡിയോ കൃത്രിമമാണെന്ന് കണ്ടെത്തി ആരോപണം തള്ളിയത്.

കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ വീഡിയോ സഹിതമായിരുന്നു സ്മൃതി ഇറാനി ആരോപണം ഉന്നയിച്ചത്. ബിജെപിക്ക് വോട്ട് ചെയ്യാനെത്തിയ തന്നെ പോളിങ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച് കോണ്‍ഗ്രസിന് വോട്ട് ചെയ്യിപ്പിച്ചെന്ന് ഒരു പ്രായമായ സ്ത്രീ പറയുന്നതാണ് വീഡിയോ. രാഹുല്‍ ഗാന്ധിയുടെ ഇത്തരം രാഷ്ട്രീയത്തിന് എന്തുശിക്ഷ നല്‍കണമെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു സ്മൃതി വീഡിയോ പങ്ക് വച്ചത്.

രാഹുല്‍ ഗാന്ധിക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അവര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എന്നാല്‍ ഇപ്പോള്‍ സ്മൃതി ഇറാനിയുടെ ഈ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായും രാഷ്ട്രീയപാര്‍ട്ടികളുടെ ബൂത്ത് ഏജന്റ്മാരുമായും സംസാരിച്ചിരുന്നതായും പ്രചരിപ്പിക്കുന്ന വീഡിയോ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ എല്‍.യു.വെങ്കടേശ്വര്‍ പറഞ്ഞു. കള്ളപ്രചാരണത്തിനായി വീഡിയോ നിര്‍മിച്ചവര്‍ക്കെതിരെ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

Top