സൈന്യത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ഥന; മോദിക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ബാലാകോട്ടില്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാരുടെ പേരില്‍ മോദി വോട്ട് അഭ്യര്‍ഥന നടത്തിയ സംഭവത്തിന്മേല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍.

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴാണ് കന്നി വോര്‍ട്ടര്‍മാരോട് വ്യോമസേനാ പൈലറ്റുമാരുടെ പേരില്‍ മോദി ബിജെപിക്കുവേണ്ടി വോട്ട് അഭ്യര്‍ഥിച്ചത്.നിങ്ങള്‍ക്ക് ഇപ്പോള്‍ 18 വയസ്സ് പിന്നിട്ടിരിക്കുകയാണ്. നിങ്ങള്‍ നിങ്ങളുടെ വോട്ട് രാജ്യത്തിനുവേണ്ടി നല്‍കണം. രാജ്യത്തെ ശക്തമാക്കുന്നതിന്, ശക്തമായ ഒരു സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് നിങ്ങളുടെ വോട്ട് രേഖപ്പെടുത്തണം. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ബാലാകോട്ടില്‍ വ്യോമാക്രമണം നടത്തിയ ധീരരായ വ്യോമസേന പൈലറ്റുമാര്‍ക്കുള്ള ബഹുമതിയായി നിങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോടാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രസംഗം സംബന്ധിച്ച് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മോദി തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ചൂണ്ടിക്കാട്ടി സിപിഎം, കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ നല്‍കിയ പരാതിയിലാണ് നടപടി.

Top