ഇമ്രാന്‍ ഖാന് വന്‍ തിരിച്ചടി; രണ്ടിടത്ത് പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍

കറാച്ചി : പാക്കിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തിരഞ്ഞെടുപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടി. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങള്‍ മല്‍സരിക്കാനായി ഇമ്രാന്‍ ഖാന്‍ സമര്‍പ്പിച്ച നാമനിര്‍ദേശപത്രിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. പാര്‍ട്ടിയുടെ മാധ്യമവിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. 2022 ഏപ്രിലില്‍ പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട 71കാരനായ മുന്‍ക്രിക്കറ്റ് താരത്തെ ഓഗസ്റ്റില്‍ മൂന്നുവര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചിരുന്നു. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച ഉപഹാരങ്ങള്‍ നിയമവിരുദ്ധമായി വിറ്റഴിച്ചുവെന്ന കുറ്റത്തിനായിരുന്നു ശിക്ഷ. ഇതോടെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് അയോഗ്യത കല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതു കണക്കിലെടുക്കാതെയാണ് ഇമ്രാന്‍ വെള്ളിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.

ശിക്ഷയുടെ പശ്ചാത്തലത്തിലാണ് ലാഹോറിലും മിയാന്‍വാലിയിലും പത്രിക തള്ളിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്. അതേസമയം തന്നെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ പാക്ക് സൈന്യം നടത്തുന്ന നീക്കമാണിതെന്ന് പാക്കിസ്ഥാനിലെ ജനപ്രിയ നേതാക്കളില്‍ ഒരാളായ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയെന്ന കേസില്‍ പാക്കിസ്ഥാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഇമ്രാന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ അയോഗ്യത നീക്കണമെന്ന അപേക്ഷ ഹൈക്കോടതി തള്ളുകയായിരുന്നു.

Top