വിയോജനക്കുറിപ്പ് പരസ്യപ്പെടുത്തില്ല; അശോക് ലവാസയുടെ ആവശ്യം തള്ളി തെര.കമ്മിഷന്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. ലവാസയുടെ വിയോജനക്കുറിപ്പ് പരസ്യപ്പെടുത്തില്ലെന്ന് കമ്മിഷന്‍ അറിയിച്ചു.

മുന്‍ കമ്മീഷണര്‍മാരുടെ അഭിപ്രായം പരിഗണിച്ചാണ് തീരുമാനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുടെ തീരുമാനത്തെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര പിന്തുണച്ചു.

17-ാം ലോകസഭാ തെരഞ്ഞെടുപ്പിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമ്പത് തവണ ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ ഉയര്‍ന്ന ആരോപണപ്രത്യാരോപണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷനിലും ചേരിതിരിവുണ്ടാക്കിയത്. മോദി പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന തെളിവു സഹിതമുള്ള ആരോപണങ്ങള്‍ പരിശോധിച്ച ശേഷം കമ്മീഷന്‍ നല്‍കിയ ക്ലീന്‍ ചിറ്റ് ആണ് ഇതിനിടയാക്കിയത്. ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരായ കമ്മീഷന്‍ അംഗത്തിന്റെ വിയോജിപ്പ് മിനുട്‌സില്‍ രേഖപ്പെടുത്താത്തതാണ് കമ്മീഷണര്‍ അശോക് ലവാസയെ പരസ്യ വിമര്‍ശനത്തിലെത്തിച്ചത്. സുപ്രീംകോടതി ഇടപെടലുണ്ടാകുന്നത് വരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടലംഘനങ്ങളില്‍ നടപടിയെടുത്തില്ലെന്നും ലവാസ ആരോപിച്ചിരുന്നു.

Top