ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് തയ്യാറാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് സംവിധാനത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ പറഞ്ഞു. രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് ഈ വ്യക്തമാക്കല്‍. നിലവിലുള്ള നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തിയാല്‍ ഒറ്റ തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മിഷന്‍ ഒരുക്കമാണെന്ന് സുനില്‍ അറോറ അറിയിച്ചു.

രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ ഇടയ്ക്കിടെ നടക്കുന്ന നിലവിലെ തിരഞ്ഞെടുപ്പ് രീതിയില്‍ മാറ്റം വരുത്തണമെന്നും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, ഒറ്റ വോട്ടര്‍ പട്ടിക എന്ന രീതി നടപ്പിലാക്കണമെന്നും പ്രധാനമന്ത്രി നവംബറില്‍ നിര്‍ദേശിച്ചിരുന്നു. മാസങ്ങളുടെ ഇടവേളയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് മൂലം വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്നും അതിനാല്‍ ആവശ്യമായ പഠനം നടത്തി തിരഞ്ഞെടുപ്പ് രീതിയില്‍ മാറ്റം വരുത്തണമെന്ന് മോദി പറഞ്ഞു.

ഒറ്റ തിരഞ്ഞെടുപ്പ് രീതി നേരത്തെയും വിവിധ സന്ദര്‍ഭങ്ങളില്‍ ഉയര്‍ന്നിട്ടുള്ള ആശയമാണ്. 2015-ലും 2018-ലും വിവിധ സമിതികള്‍ രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് നടത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു.

Top