Election Commission instructs removal of photos of political leaders from hoardings and ads

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ബാനറുകളിലെയും പരസ്യങ്ങളിലെയും രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ മറയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അതാത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മിഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഫെബ്രുവരി നാലു മുതല്‍ മാര്‍ച്ച് എട്ടുവരെയാണ് ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്. വോട്ടെടുപ്പിനുള്ള തിയതികള്‍ പ്രഖ്യാപിച്ച ജനുവരി നാലു മുതല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തിലുണ്ട്.

തിരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ പൊതുനിരത്തുകളില്‍നിന്ന് നീക്കുന്നതുമായി ബന്ധപ്പെട്ട് 2004 ഡിസംബര്‍ 12ന് പുറപ്പെടുവിച്ച ഉത്തരവിന്റെ തുടര്‍ച്ചയായാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.

അതേസമയം, കുടുംബാസൂത്രണം, വിവിധ സാമൂഹിക ക്ഷേമപദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ അറിവിലേക്കായി സ്ഥാപിച്ചിരിക്കുന്ന ബാനറുകളും ബോര്‍ഡുകളും നീക്കേണ്ടതില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും പദ്ധതികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയോ രാഷ്ട്രീയ നേതാക്കളുടെയോ നേട്ടമായി വ്യാഖ്യാനിക്കുന്ന ബോര്‍ഡുകളും ബാനറുകളും നീക്കണം.

രാഷ്ട്രീയ നേതാവെന്ന നിലയിലുള്ള പ്രതിച്ഛായ പൊതു ഖജനാവിന്റെ ചെലവില്‍ വര്‍ധിപ്പിക്കാനുതകുന്ന ബോര്‍ഡുകളും ബാനറുകളും വേണ്ടെന്നാണ് നിര്‍ദ്ദേശം. ഇത്തരം ബോര്‍ഡുകള്‍ പൊതുജനത്തിന്റെ പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിനിയോഗിക്കുന്നതിന് തുല്യമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

Top