യുപിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന് സൂചിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന് സൂചിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര പറഞ്ഞു. തെരഞ്ഞെടുപ്പ് റാലികള്‍ നിയന്ത്രിക്കണമെന്ന് ചില പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റാലികള്‍ നിയന്ത്രിക്കണമോ എന്നതില്‍ തീരുമാനമെടുക്കും.

യുപിയിലെ വോട്ടര്‍പട്ടിക ജനുവരി 5 ന് പുറത്തിറക്കും. രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് ആറുവെരയായിരിക്കും വോട്ടെടുപ്പ് നടക്കുക. കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളെ സംബന്ധിച്ച് വിശദമായ ആലോചന നടത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

80 വയസിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൊവിഡ് ബാധിതര്‍ക്കും വോട്ട് രേഖപ്പെടുത്താനുള്ള അവസരമൊരുക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് വരാനിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ വ്യാപനത്തിന്റെയും വാക്‌സിനേഷന്റെയും വിവരങ്ങള്‍ കേന്ദ്ര ആരോഗ്യസെക്രട്ടറി കമ്മീഷന് കൈമാറിയിരുന്നു.

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്ന് ദിവസം ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ അവലോകനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന് കമ്മീഷന്‍ സൂചിപ്പിച്ചിരിക്കുന്നത്.

Top