വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി; ഡിഎംകെ ഹൈക്കോടതിയിലേക്ക്

ചെന്നൈ: വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് ഡിഎംകെ ഇന്ന് മദ്രാസ് ഹൈക്കോടതിയേയും സമീപിക്കും.

വെല്ലൂരിലെ ഡിഎംകെ സ്ഥാനാര്‍ത്ഥി കതിര്‍ ആനന്ദിന്റെ വസതിയിലും ഓഫീസിലും ഗോഡൗണില്‍ നിന്നുമായി ആദായ നികുതി വകുപ്പ് കോടികള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ കമ്മീഷന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയത്. ഡിഎംകെ ട്രഷറര്‍ ദുരൈ മുരുകന്റെ മകനാണ് കതിര്‍ ആനന്ദ്.

എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് വേണ്ടി ആസൂത്രിത നീക്കം നടത്തുകയാണെന്ന് ഡിഎംകെ ആരോപിച്ചു.

ഇതിനിടെ ഡിഎംകെ നേതാവ് കനിമൊഴിയുടെ തൂത്തുക്കുടിയിലെ വീട്ടിലും ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം ഓഫീസിലും ഡിഎംകെ ജനറല്‍ സെക്രട്ടറി ഗീതാ ജീവന്റെ വസതിയിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. തെരച്ചലിന് ഒടുവില്‍ കനിമൊഴിയുടെ വീട്ടില്‍ നിന്ന് അനധികൃതമായി ഒന്നും കണ്ടെത്താനാവാതെ ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു.

Top