സംസ്ഥാനങ്ങളിലെ ആദായനികുതി റെയ്ഡ്: വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് വിവിധ സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡുകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റവന്യൂ സെക്രട്ടറിയെയും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് (സി ബി ഡി ടി) ചെയര്‍മാനെയും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ വിളിപ്പിച്ചു.റവന്യൂ സെക്രട്ടറി എ ബി പാണ്ഡേയും സി ബി ഡി ടി ചെയര്‍മാന്‍ പി സി മോദിയെയുമാണ് വിഷയത്തെ കുറിച്ച് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് കമ്മീഷന്‍ ചൊവ്വാഴ്ച വിളിപ്പിച്ചിട്ടുള്ളത്.

തിരഞ്ഞെടുപ്പു കാലത്ത് ബി ജെ പി എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് റവന്യൂ സെക്രട്ടറിയെയും സിബിഡിടി ചെയര്‍മാനെയും കമ്മീഷന്‍ വിളിപ്പിച്ചിരിക്കുന്നത്. കര്‍ണാടക, മധ്യപ്രദേശ്, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് സംഘടിപ്പിച്ചതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.

തിരഞ്ഞെടുപ്പു കാലത്ത് നടത്തുന്ന റെയ്ഡുകള്‍ നിഷ്പക്ഷവും വിവേചനരഹിതവുമായിരിക്കണമെന്ന് ഞായറാഴ്ച തിരഞ്ഞെടുപ്പു കമ്മിഷന്‍ ധനമന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

Top