മാധ്യമങ്ങള്‍ക്കെതിരെ ഭാഗിക വിലക്കേര്‍പ്പെടുത്തണം; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ചെന്നൈ: മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ ഭാഗിക വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഉത്തരവുകളിലോ വിധിന്യായങ്ങളിലോ രേഖപ്പെടുത്തിയിരിക്കുന്ന നിരീക്ഷണങ്ങളില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ ഒതുക്കണം, കോടതി നടത്തുന്ന വാക്കാലുള്ള നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മദ്രാസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിന്റെ പൂര്‍ണ്ണ ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും തിരഞ്ഞെടുപ്പ് റാലികള്‍ നടക്കുന്നത് കൈയും കെട്ടി നോക്കി നിന്ന കമ്മീഷനെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നും മദ്രാസ് ഹൈക്കോടതി വാക്കാല്‍ പറഞ്ഞിരുന്നു. കോടതിയുടെ വിമര്‍ശനങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയ പശ്ചാത്തലത്തിലാണ് തമിഴ്നാട് ചീഫ് ഇലക്ടര്‍ ഓഫീസര്‍ സത്യബ്രത മാധ്യമങ്ങളെ ഭാഗികമായി വിലക്കണമെന്നാവശ്യപ്പെട്ട് സത്യവാങ്മൂലം നല്‍കിയത്.

കരൂര്‍ നിയോജകമണ്ഡലത്തിലെ വോട്ടെണ്ണല്‍ സമയത്ത് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഏപ്രില്‍ 26-ന് ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്. ആ ദിവസം പുറപ്പെടുവിച്ച ഉത്തരവില്‍ ഈ വാക്കാലുള്ള നിരീക്ഷണം രേഖപ്പെടുത്തിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മഷീന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

എന്നാല്‍ കോവിഡിന്റെ ഈ സാചര്യത്തിന്റെ ഏക ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കൊലക്കുറ്റം ചുമത്തണമെന്നുമുള്ള കോടതിയുടെ വാക്കാലുള്ള അഭിപ്രായങ്ങളാണ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇത് ഗുരുതരമായ മുന്‍വിധിക്ക് കാരണമായെന്നും ഇതില്‍ തങ്ങള്‍ക്ക് ദുഃഖമുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

Top