ഹൈവേയിലൂടെ സഞ്ചരിക്കാന്‍ കയ്യില്‍ ചാപ്പ കുത്തി പാസ്; പ്രതിഷേധവുമായി ഒമര്‍ അബ്ദുള്ള

ജമ്മു കശ്മീര്‍: കശ്മീര്‍ ഹൈവേയിലൂടെ സഞ്ചരിക്കാന്‍ നാട്ടുകാര്‍ക്ക് ഉള്ളം കയ്യില്‍ ചാപ്പകുത്തി പാസ് നല്‍കുന്നതിനെതിരെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. കശ്മീര്‍ ഹൈവേയിലൂടെ ഓഫീസിലേക്ക് വാഹനം ഓടിച്ചു പോകാന്‍ ഒരു പൗരന്റെ കയ്യില്‍ മുദ്ര വച്ച് ഒപ്പിട്ട് നല്‍കിയ ചിത്രവും ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ പങ്കുവച്ചു. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ മുദ്രയ്ക്ക് മീതെ യാത്ര അനുവദിച്ചിരിക്കുന്നു എന്ന് ഉള്ളം കയ്യില്‍ എഴുതി ഉദ്യോഗസ്ഥന്‍ ഒപ്പിട്ടിട്ടുമുണ്ട്.

ഇതിനെതിരെ രംഗത്തെത്തിയ ഒമര്‍ അബ്ദുള്ള മനുഷ്യത്വ രഹിതമായ ഈ അപമാനം കണ്ട് താന്‍ രോക്ഷാകുലനാണെന്ന് ട്വിറ്ററില്‍ കുറിച്ചു. ഈ ഹീനമായ മാര്‍ഗ്ഗം കടലാസ് ലാഭിക്കാനാണോ എന്നും അദ്ദേഹം ചോദിച്ചു. ഇതാണോ ഡിജിറ്റല്‍ ഇന്ത്യ? തുടങ്ങിയ ചോദ്യങ്ങളുമായി നിരവധി പേര്‍ ഈ ചിത്രം ഇതര സമൂഹമാധ്യമങ്ങളിലും പങ്കുവച്ചിട്ടുണ്ട്.

അടുത്ത പ്രാവശ്യം കൈ കഴുകുന്നത് വരെ നിലനില്‍ക്കുന്ന പാസ് ശരീരത്തില്‍ എഴുതി നല്‍കുന്നത് ഹിറ്റ്‌ലറുടെ കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്നു എന്നാണ് പ്രമുഖ പത്രപ്രവര്‍ത്തകന്‍ പീര്‍സാദ ആഷിഖ് ട്വിറ്ററില്‍ കുറിച്ചു.

Top