election commission accept kejriwal challenge

ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിദഗ്ധരെ ക്ഷണിച്ചു.

വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമത്വം നടത്തിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അടക്കം നിരവധി പേര്‍ ആരോപണങ്ങളുന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണിത്.

സാങ്കേതികവിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ തുടങ്ങിയവരെയാണ് വോട്ടിങ് മെഷീന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ഷണിച്ചിരിക്കുന്നത്.

2009 മുതല്‍ വോട്ടിങ് യന്ത്രം പരിശോധിക്കാന്‍ അവസരം നല്‍കിവരുന്നതാണെന്നും, എന്നാല്‍ ആരും ഇതുവരെ വോട്ടിങ് മെഷീന്റെ പോരായ്മ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ആരോപണം ഉന്നയിച്ചിരുന്നു. 72 മണിക്കൂര്‍ തന്നാല്‍ വോട്ടിങ് മെഷീനുകളില്‍ കൃത്രിമത്വം നടത്താനാവുമെന്ന കാര്യം താന്‍ തെളിയിക്കാമെന്ന് അദ്ദേഹം വെല്ലുവിളിച്ചിരുന്നു. ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇലക്ട്രേണിക് വോട്ടിങ് മെഷീനില്‍ നടന്നത് സങ്കീര്‍ണണമായ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു കൊണ്ടുള്ള തിരിമറിയാണ്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തിരമായി ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ സോഫ്റ്റ്‌വെയര്‍ രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തണം. ഇതു കൊണ്ടെല്ലാം തന്നെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടായ വിജയം സംശയാസ്പദമാണെന്നും കെജ് രിവാള്‍ ആരോപിച്ചു.

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിന് വേണ്ടി ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ പരീക്ഷണ ഉപയോഗം നടത്തുന്നതിനിടെ തിരിമറി ശ്രദ്ധയില്‍പെട്ടിരുന്നു. സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സലീന സിങ് സമാജ് വാദിപാര്‍ട്ടിക്ക് വോട്ട് ചെയ്തപ്പോള്‍ ബിജെപിക്ക് വോട്ട് ചെയ്തുവെന്നാണ് മെഷീന്‍ രേഖപ്പെടുത്തിയത്. ഇതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്.

Top