ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് വിലക്ക്

കൊല്‍ക്കത്ത: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഭാഗിക വിലക്ക് ഏര്‍പ്പെടുത്തി. റോഡ് ഷോകള്‍, പദയാത്രകള്‍, വാഹന റാലികള്‍ തുടങ്ങിയവ അനുവദിക്കില്ല. പൊതു പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 500ല്‍ താഴെയായി ചുരുക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ബംഗാളില്‍ രണ്ടുഘട്ട തെരഞ്ഞെടുപ്പുകള്‍ കൂടിയാണ് നടക്കാനുള്ളത്. ഏപ്രില്‍ 26നും ഏപ്രില്‍ 29നുമാണ് തെരഞ്ഞെടുപ്പുകള്‍ നടക്കുക. ആളുകള്‍ കൂട്ടംകൂടാതിരിക്കാനും രോഗവ്യാപനതോത് ഉയരാതിരിക്കാനുമാണ് നിയന്ത്രണം.

രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കി. റോഡ് ഷോകള്‍ക്കും മറ്റും വിലക്ക് ഏര്‍പ്പെടുത്തിയതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍കൂട്ടി അനുമതി വാങ്ങിയിരുന്ന പരിപാടികള്‍ ഉള്‍പ്പെടെ റദ്ദാക്കി.

Top