സംസ്ഥാന തെരഞ്ഞെടുപ്പില്‍ സിപിഐ ദേശീയ നേതൃനിരയിലെ ആരും മത്സരിക്കില്ല

കൊല്ലം:സംസ്ഥാന തെരഞ്ഞെടുപ്പില്‍ സിപിഐ ദേശീയ നേതൃനിരയിലെ ആരും മത്സരിക്കില്ല. സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റിലെയും എക്സിക്യുട്ടീവിലെയും അംഗങ്ങളാരും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഒരാള്‍ മൂന്നുതവണയില്‍ കൂടുതല്‍ മത്സരിക്കേണ്ടെന്ന മാനദണ്ഡമുള്ളതിനാല്‍ ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ക്കു മാത്രമേ മത്സരിക്കാന്‍ കഴിയൂ.

എന്നാല്‍, ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിനോയ് വിശ്വം രാജ്യസഭാംഗമായതിനാല്‍ മത്സരിക്കില്ലെന്ന് ഉറപ്പാണ്. പന്ന്യന്‍ രവീന്ദ്രനുമേല്‍ മത്സരിക്കാന്‍ സമ്മര്‍ദമുണ്ടെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. സമീപകാല നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം ദേശീയ നേതൃനിരയിലെ ഒരാളെങ്കിലും മത്സരിക്കാറുണ്ടായിരുന്നു.

സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളില്‍ ഏഴുപേര്‍ക്കാണ് സാധ്യത. മന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് വിപ്പ് കെ. രാജന്‍ എന്നിവര്‍ അവരവരുടെ സിറ്റിങ് മണ്ഡലങ്ങളായ കാഞ്ഞങ്ങാട്ടും ഒല്ലൂരിലും ജനവിധി തേടും. പി. പ്രസാദ്, പി. വസന്തം, പി.പി. സുനീര്‍, സി.എം. ചന്ദ്രന്‍, ജെ. ചിഞ്ചുറാണി എന്നിവരെ മത്സരിപ്പിക്കുന്ന കാര്യം ആലോചനയിലുണ്ട്.

കഴിഞ്ഞ തവണ രമേശ് ചെന്നിത്തലയ്ക്കെതിരേ മത്സരിച്ച പ്രസാദിന് കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒരു സുരക്ഷിത മണ്ഡലം നല്‍കുമെന്നാണ് വാര്‍ത്തകള്‍.

Top