മുഖ്യമന്ത്രിക്ക് ഹിന്ദുവിന്റെ മന്ത്രം കേട്ടാല്‍ ചൊറിച്ചിലെന്ന് ശശികല

തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതി തിരുവനന്തപുരത്ത് സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ നീക്കം ചെയ്തത് നോട്ടീസടക്കമുള്ള യാതൊരു മുന്നറിയിപ്പുകളും നല്‍കാതെയാണെന്ന് കര്‍മ്മസമിതി സംസ്ഥാന വര്‍ക്കിംഗ് ചെയര്‍പേഴ്‌സണ്‍ കെ.പി. ശശികല പത്രസമ്മേളനത്തില്‍ ആരോപിച്ചു.

ഒരു രാഷ്ട്രീയവും പറയാത്ത ശബരിമല കര്‍മ്മസമിതിയുടെ ഫ്‌ളക്‌സ് നീക്കം ചെയ്തതിനെതിരേ ശക്തമായി പ്രതിഷേധിക്കും. ശബരിമല വിഷയം ദക്ഷിണേന്ത്യയിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം എന്തുകൊണ്ടാണ് ശബരിമല ശാന്തമായതെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും ശശികല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ശബരിമലയെക്കുറിച്ച് മിണ്ടരുതെന്ന് ആവശ്യപ്പെടുന്നവര്‍ ബാബ്‌റി മസ്ജിദും ഗുജറാത്ത് കലാപവും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വിലക്കാത്തത് എന്തുകൊണ്ടാണെന്നും ശശികല ചോദിച്ചു.

ശബരിമല കര്‍മ്മസമിതി തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഫ്‌ളക്‌സുകള്‍ ഒരു മുന്നറിയിപ്പും കൂടാതെ നീക്കം ചെയ്തത് സംസ്ഥാന സര്‍ക്കാര്‍ ആരെയോ ഭയക്കുന്നതിന്റെ തെളിവാണ്. രാഷ്ട്രീയം പറയാതെയും ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാതെയും ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇരുട്ടത്ത് ഉദ്യോഗസ്ഥര്‍ ഫ്‌ളക്‌സുകള്‍ നീക്കം ചെയ്തു. ആശയ പ്രചരണത്തിനുള്ള അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണ്. ഇതിനെതിരേ പ്രതിഷേധിക്കുകയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്യുമെന്നും ശശികല പറഞ്ഞു.

മുഖ്യമന്ത്രിക്ക് ഹിന്ദുവിന്റെ മന്ത്രം കേട്ടാല്‍ ചൊറിച്ചിലാണ്. കാട്ടാക്കടയിലെ സംഭവം വ്യക്തമാക്കുന്നത് അതാണ്. പിണറായി സര്‍ക്കാരിനെതിരെ തങ്ങള്‍ പ്രതിഷേധിക്കുക തന്നെ ചെയ്യും. ആറ്റിങ്ങലില്‍ നിന്ന് കര്‍മ്മസമിതിയുടെ ലഘുലേഖകള്‍ പിടിച്ചെടുത്ത ഉദ്യോഗസ്ഥര്‍ അവിടത്തെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ നോട്ടീസിലെ ചട്ടലംഘനങ്ങള്‍ പരിശോധിക്കാന്‍ തയ്യാറാകുന്നില്ല. ഇതുസംബന്ധിച്ച് സുപ്രീംകോടതിക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കുമെന്നും ശശികല പറഞ്ഞു.

ശബരിമല കര്‍മ്മസമിതി സംസ്ഥാന കണ്‍വീനര്‍ ഇ.എസ്. ബിജു, ജില്ലാ കണ്‍വീനര്‍ വഴയില ഉണ്ണി, ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി. ജ്യോതീന്ദ്രകുമാര്‍, കേരള ക്ഷേത്രസംരക്ഷണ സമതി ജില്ലാ ജനറല്‍ സെക്രട്ടറി ഷാജു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Top