ജനങ്ങള്‍ ബിജെപിയില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി : ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും ബിജെപി സര്‍ക്കാര്‍ അഞ്ചുവര്‍ഷം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലനമാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ ബിജെപിയില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു.

മഹാരാഷ്ട്രയില്‍ അരനൂറ്റാണ്ടിനിടെ ഒരു മുഖ്യമന്ത്രിയും അഞ്ചുവര്‍ഷം പൂര്‍ത്തീകരിച്ചിരുന്നില്ല. ഒരു സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി ഭരണത്തുടര്‍ച്ച കിട്ടുക എന്നത് അത്ര എളുപ്പമല്ലെന്നും മോദി പറഞ്ഞു. ഈ സാഹചര്യത്തില്‍ ബിജെപിയെ വലിയ കക്ഷിയായി തെരഞ്ഞെടുത്തത് വലിയ കാര്യം തന്നെയാണ്. ഹരിയാനയില്‍ വോട്ടുവിഹിതം കൂട്ടാനായത് നേട്ടമാണ്. 2014 വരെ പ്രാദേശിക പാര്‍ട്ടികള്‍ തരുന്ന സീറ്റുകളില്‍ മല്‍സരിക്കുകയായിരുന്നു ബിജെപിയുടെ പതിവ്. ഇപ്പോള്‍ ആ സ്ഥിതി മാറിയെന്നും മോദി വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ 288ല്‍ 159 സീറ്റുകളാണ് എന്‍ഡിഎ സഖ്യത്തിന് കിട്ടിയത്. ഇവിടെ കോണ്‍ഗ്രസ് എന്‍സിപി സഖ്യം 102 സീറ്റുകള്‍ നേടി. ഹരിയാനയിലാവട്ടെ 90ല്‍ 40 സീറ്റുകളാണ് ബിജെപി നേടിയത്. ഇവിടെ കോണ്‍ഗ്രസിന് 31 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു.

Top