പൗഡര്‍ ഇട്ട് കല്യാണത്തിന് പോകുകയല്ല സഖാവേ; കണ്ണൂരിലെ യു.ഡി.എഫ് ബൂത്ത് ഏജന്റിന്റെ അനുഭവം !

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് ബൂത്തിലിരുന്ന യു.ഡി.എഫ് ബൂത്ത് ഏജന്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു അനുഭവക്കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. തിരഞ്ഞെടുപ്പ് ദിവസം നേരിടേണ്ടി വന്ന അക്രമത്തിന്റെ ഫോട്ടോ സോഷ്യല്‍മീഡിയയിലൂടെ പുറത്തു വിട്ടാണ് അദ്ദേഹം താന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത്.

തെരഞ്ഞെടുപ്പ് ദിവസം ബൂത്തിലിരുന്നപ്പോള്‍ എതിര്‍ പാര്‍ട്ടിക്കാര്‍ കള്ളവോട്ടിടാന്‍ ശ്രമിച്ചെന്നും അത് തടയാനെത്തിയതിന്റെ പേരില്‍ ശരീരമാസകലം നായ്ക്കരണ പൊടി വിതറിയെന്നുമാണ് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പറയുന്നത്. കണ്ണൂരിലെ യൂഡിഎഫിന്റെ ബൂത്ത് ഏജന്റ് വിനോദിനാണ് ഇത്ര ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കല്യാണത്തിന് പോകാന്‍ ക്യുട്ടിക്കൂറ
പൗഡര്‍ ഇട്ടിരിക്കുകയല്ലസഖാവെ.

നായ്ക്കരണ പൊടിയാണ് ദേഹത്ത്. കണ്ണൂരിലെ യൂഡിഎഫിന്റെ ബൂത്ത് ഏജന്റ് വിനോദിന്റെ ചിത്രമാണിത്.

ബൂത്തിലിരുന്നതിന്റെയും കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന്റെ പേരിലുമാണ് വിനോദിന് ഈ ക്രൂരമായ ആക്രമണം ഏല്‍ക്കേണ്ടി വന്നത്.

അത് പോലെ നീലേശ്വരത്തു ബൂത്ത് ഏജന്റ് ആയി ഇരുന്ന വനിതയെ കള്ളവോട്ട് തടഞ്ഞതിന്റെ പേരില്‍ വീട്ടിലേക്ക് പോകും വഴി മുളക് പൊടി കലക്കിയ വെള്ളം ദേഹത്ത് ഒഴിച്ച് ആക്രമിച്ചിട്ടുണ്ട്.

എ കെ ജി സെന്ററില്‍ നിന്നും പ്രസ്താവന വരുമ്പോള്‍ പോരാളി ഷാജിയുടെ ഫോട്ടോഷോപ്പുമായി സ്ത്രീകളെ ആക്രമിക്കുന്നെ എന്ന് നിലവിളിക്കുന്ന ദീപ നിശാന്തൊന്നും നീലേശ്വരത്തെ സ്ത്രീയെ കാണില്ല. ഈ ചിത്രത്തില്‍ നില്‍ക്കുന്ന സ്ത്രീകളുടെ വേദന അറിയില്ല.

കണ്ണൂരെന്താണെന്നും, കണ്ണൂരില്‍ കമ്മ്യുണിസ്റ്റ് ഗുണ്ടകള്‍ നടത്തുന്ന ഫാസിസം എന്താണെന്നും അറിയാഞ്ഞിട്ടല്ല ഇപ്പോഴും ഈ ന്യായീകരണം. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലെ ഊര് വിലക്കും, ജയരാജന്റെ പാര്‍ട്ടി കോടതിയും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സമാന്തര ഭരണകൂടമായി കാണുന്ന സഖാക്കള്‍ ഇന്നും ഉളുപ്പില്ലാതെ പറയുന്നത് കേട്ടു, കണ്ണൂരോ, കയ്യേറ്റമോ ഏയ്….

വനിത മതില്‍ കെട്ടാന്‍ മാത്രമല്ല, പാര്‍ട്ടിയിലെ പുരുഷ കേസരികളുടെ അഭിമാനം സംരക്ഷിക്കാന്‍ കള്ള വോട്ടെങ്കില്‍ കള്ള വോട്ട് എന്ന് പറഞ്ഞിറങ്ങി തിരിക്കുന്ന സ്ത്രീകളുടെ ചെയ്തികളാണോ വാഴ്ത്തപ്പെടേണ്ടത്, അതോ ജനാധിപത്യത്തില്‍ നേര്‍ക്ക് നേര്‍ പോരാടി ജയിക്കാന്‍ അറിയാതെ കയ്യൂക്കിന്റെ ആണത്ത അഹങ്കാരം കൊണ്ട് നിലകൊള്ളുന്ന കണ്ണൂരിലെ ആണ്‍ സഖാക്കളാണോ വാഴ്ത്തപ്പെടേണ്ടത് ?

ബൂത്തിലിരുന്നില്ല, ഏജന്റില്ല, അപ്പോള്‍ പറഞ്ഞില്ല, ഇപ്പോള്‍ പറഞ്ഞിട്ടെന്താ എന്നൊക്കെയുള്ള മുടന്തന്‍ വാദങ്ങള്‍ നിരത്തി പ്രശ്‌നത്തെ നിസാരവത്കരിക്കാന്‍ നോക്കണ്ട. അത് കൊണ്ടൊന്നും കണ്ണൂരിലെ സിപിഎമ്മിന്റെ ഫാസിസം മറച്ചു പിടിക്കപെടുമെന്നോ, മായ്ച്ചു കളയപ്പെടുമെന്നോ ധരിക്കേണ്ട.

യൂഡിഎഫ് ബൂത്ത് ഏജന്റ് എവിടെയായിരുന്നു എന്ന മണ്ടന്‍ ചോദ്യവുമായി ഇനിയും വരണം ഈ വഴിത്താരയിലൂടെ… !
– മാഹിന്‍ അബൂബക്കര്‍

Top