തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തൃണമൂലിന്റെ 40 എംഎല്‍എമാര്‍ കാലുമാറും; മമതയെ വിറപ്പിച്ച് മോദി

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ 40 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്നാണ് മോദി പറഞ്ഞത്.
ഈ വരുന്ന മെയ് 23ന് ഇവര്‍ ബിജെപിയില്‍ ചേരുമെന്നാണ് മോദി അവകാശപ്പെട്ടത്.

‘ദീദി, മെയ് 23ന് എല്ലായിടത്തും താമര വിരിയും. മാത്രമല്ല, നിങ്ങളുടെ എംഎല്‍എമാര്‍ നിങ്ങളെ വിട്ട് ഓടിപ്പോരും. ഇന്ന് പോലും നിങ്ങളുടെ 40 എംഎല്‍മാര്‍ ഞാനുമായി നല്ല ബന്ധത്തിലാണ്.’ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയെ വെല്ലുവിളിച്ച് മോദി പറഞ്ഞു. കൊല്‍ക്കത്തയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മോദി.

മോദിയുടെ അവകാശവാദത്തിനെതിരെ പ്രതികരണവുമായി തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയന്‍ രംഗത്തെത്തി. പ്രധാനമന്ത്രി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. തൃണമൂലില്‍ നിന്ന് ഒരാള്‍ പോലും മോദിക്കൊപ്പം വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top