പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണം; തുടരാനില്ലെന്ന് സോണിയ

ന്യൂഡല്‍ഹി: നേതൃമാറ്റം ചര്‍ച്ച ചെയ്യുന്നതിനായുള്ള കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ചേര്‍ന്നു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്ന് സോണിയ ആവശ്യപ്പെട്ടു. യോഗത്തില്‍ ഇടക്കാല അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ മന്‍മോഹന്‍ സിംഗ് സോണിയ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ടു.

സോണിയാ ഗാന്ധി കെസി വേണുഗോപാലിന് കത്തയച്ചിരിക്കുകയാണ്. ഇതില്‍ തന്നെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇനിയും തുടരാനാവില്ലെന്ന് അവര്‍ പറയുന്നു. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ സമയമായെന്നും സോണിയ വ്യക്തമാക്കി.

അതേസമയം രാഹുല്‍ ഗാന്ധിയും സീനിയര്‍ നേതാക്കളുടെ കത്തില്‍ പ്രതികരിച്ചു. തീര്‍ത്തും തെറ്റായ കാര്യമാണത്. തെറ്റായ സമയത്താണ് ആ നേതാക്കള്‍ കത്തയച്ചതെന്നും രാഹുല്‍ പറഞ്ഞു. സോണിയാ ഗാന്ധിക്ക് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലാതിരുന്നിട്ടും അവരത് തുടര്‍ന്നു. അവര്‍ ആശുപത്രിയില്‍ ആയിരിക്കുമ്പോള്‍ ഇത്തരത്തില്‍ ചോദ്യം ചെയ്യുന്നത് ശരിയാണോ എന്നും രാഹുല്‍ ചോദിച്ചു.

പോണ്ടിച്ചേരി മന്ത്രി എ നമശിവായം രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. രാഹുലിന് അതിനുള്ള കഴിവുണ്ടെന്നും, ബിജെപിയുടെ ജനവിരുദ്ധ ഭരണത്തെ ചോദ്യം ചെയ്യാനും സാധിക്കുമെന്നും നമശിവായം പറഞ്ഞു. നേതൃമാറ്റത്തെ കുറിച്ചുള്ള കത്തില്‍ താന്‍ ഒരുപാട് വേദനിച്ചെന്ന് രാഹുല്‍ പറഞ്ഞു. വര്‍ക്കിംഗ് കമ്മിറ്റിയില്‍ രാഹുല്‍ നേതൃത്വം ഏറ്റെടുക്കുന്നതിന് വേണ്ടി വലിയ ആവശ്യമാണ് ഉയര്‍ന്നത്. അതേസമയം വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിന് ശേഷം 23 നേതാക്കള്‍ സോണിയക്ക് അയച്ച കത്ത് പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.

Top