കോവിഡ്; വിദേശത്ത് നിന്ന്‌ തിരിച്ചെത്തിക്കുന്ന സ്വദേശികളെ നിരീക്ഷിക്കാന്‍ ഇലക്ട്രോണിക് ബ്രേസ്ലെറ്റ്

കുവൈത്ത് സിറ്റി: കോവിഡ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍നിന്ന് തിരിച്ചെത്തിക്കുന്ന സ്വദേശികളെ നിരീക്ഷിക്കാന്‍ ഇലക്ട്രോണിക് ബ്രേസ്ലെറ്റുമായി കുവൈത്ത്.

വീട്ടുനിരീക്ഷണത്തിലിരിക്കേണ്ടവര്‍ പുറത്തുപോവുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇലക്ട്രോണിക് ബ്രേസ്ലെറ്റ് അണിയിക്കുന്നത്. ഇവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തി വൈറസ് വ്യാപിക്കുന്നത് തടയാനാണ് ഇത്. ബ്രേസ്ലെറ്റ് അണിഞ്ഞവരുടെ സഞ്ചാരഗതി മന്ത്രാലയത്തിന് ആസ്ഥാനത്തിരുന്ന് നിരീക്ഷിക്കാന്‍ കഴിയും.

ആദ്യ ബാച്ച് ബ്രേസ്ലെറ്റുകള്‍ കഴിഞ്ഞദിവസം ഇറക്കുമതി ചെയ്തു. നേരത്തെ കോവിഡ് ചികിത്സാ സഹായത്തിനും വീട്ടുനിരീക്ഷണം പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിരുന്നു.

തിരിച്ചെത്തിയ സ്വദേശികളോട് ‘ശ്ലോനിക്’ എന്ന പേരിലുള്ള ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സ്വദേശികള്‍ക്കും വിദേശികള്‍ക്കും കോവിഡുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ചികിത്സാസൗകര്യങ്ങളും ആപ്പിലൂടെ അറിയാം. ഫോണ്‍ വീട്ടില്‍ വെച്ച് പുറത്തുപോവുന്നത് കണ്ടെത്താന്‍ റാന്‍ഡം അടിസ്ഥാനത്തില്‍ മന്ത്രാലയം അയക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്. ഇതില്‍ വീഴ്ച വരുത്തിയാല്‍ നടപടി സ്വീകരിക്കും.

Top