എന്‍ഡോസള്‍ഫാന്‍: കനിവ് തേടി ഇരകളുടെ അമ്മമാര്‍ പട്ടിണി സമരത്തില്‍. . .

ന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ പ്രതിപ്രവര്‍ത്തനം മൂലം ദുരന്തം അനുഭവിക്കുന്ന ഒരു ജനതയുടെ വിലാപം ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങയിട്ട് വര്‍ഷങ്ങളായി. മഹാദുരന്തത്തിന്റെ അവശേഷിപ്പുകളായി കാസര്‍ഗോട്ടെ ദുരിത ജീവിതങ്ങളുടെ നേര്‍ക്കാഴ്ച്ച ഇടതടവില്ലാതെ ലോകം കണ്ടതും കേട്ടതുമാണ്.

ദുരന്തമുഖത്തെ ജനതയുടെ വിളിക്ക് കാതോര്‍ക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല. പ്രഖ്യാപിച്ച സഹായങ്ങള്‍ ആകട്ടെ കടലില്‍ കായം കലക്കിയത് പോലെ അപര്യാപ്തവും. ഇതിനിടെ അധികാരികളുടെ കനിവിനായി കാത്തിരിക്കാതെ യാത്രയായത് നൂറുകണക്കിനാളുകളാണ്. 1980 കളിലാണ് എന്‍ഡോസള്‍ഫാനെതിരെയുള്ള സമരങ്ങള്‍ ആരംഭിച്ചത്. ഭരണകൂടങ്ങള്‍തന്നെ നടത്തിയ നിര്‍ദ്ദയമായ കൂട്ടക്കൊലയാണ് യഥാര്‍ത്ഥത്തില്‍ കാസര്‍ഗോഡ് നടന്നത്. മാറി വരുന്ന ഓരോ സര്‍ക്കാരിനും ഇതുവരെ ഈ ദുരന്തമുഖത്ത് ഒരുപിടി കനിവ് സമ്മാനിക്കാന്‍ കഴിഞ്ഞിട്ടില്ല.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമേഖലയില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നിയോഗിച്ച കമ്മിറ്റികളും വിവിധ മെഡിക്കല്‍ സംഘങ്ങളും പരിസ്ഥിതി സംഘങ്ങളും മാധ്യമങ്ങളുമെല്ലാം പരീക്ഷണങ്ങളും പഠനങ്ങളും നടത്തി ഡസന്‍കണക്കിന് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയും ഇവയില്‍ ബഹുഭൂരിപക്ഷവും ഇരകളായവര്‍ക്ക് നീതി നല്‍കണമെന്ന് വാദിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, വന്‍കിട ലോബികളുടെ സമ്മര്‍ദ്ദവും സ്വാധീനവും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നീതി ലഭ്യമാക്കുന്നതിന് ഇപ്പോഴും തടസം നില്‍ക്കുകയാണ്. ജനകീയരോഷവും മാധ്യമറിപ്പോര്‍ട്ടുകളും കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെങ്കിലും ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്താനുള്ള ശാശ്വതനടപടികള്‍ ഇതുവരെയുണ്ടായിട്ടില്ല എന്നുതന്നെ പറയേണ്ടിവരും.

വിഷം പൊള്ളിച്ച മണ്ണില്‍ നിന്നും മക്കളേയും നെഞ്ചോട് ചേര്‍ത്ത് അമ്മമാര്‍ ഇപ്പോള്‍ വീണ്ടും തലസ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്,ഒരുപിടി കനിവ് തേടി. 2016ല്‍ ആണ് സെക്രട്ടറിയേറ്റ് പടിക്കല്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അമ്മമാരുടെ ആദ്യ പട്ടിണി സമരം നടന്നത്. 9 ദിവസം പിന്നിട്ട അന്നതെ സമരത്തിന് ശേഷം മാര്‍ച്ചും നടത്തി.സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പൂര്‍ണമായി നടപ്പാക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് അമ്മമാര്‍ ഒരിക്കല്‍ കൂടി വണ്ടികയറിയിരിക്കുന്നത്.

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സാമൂഹിക പ്രവര്‍വര്‍ത്തയായ ദയാഭായി എത്തിയതോടെ പട്ടിണി സമരത്തിന്റൈ മുഖം മാറുകയാണ്.ഇരകള്‍ക്കെല്ലാം സര്‍ക്കാര്‍ സഹായം നല്‍കണമെന്നും സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ലംഘിക്കുകയാണെന്നും സമരസമിതി ആരോപിക്കുമ്പോഴും സര്‍ക്കാരിന് ഇതൊന്നും കണ്ടമട്ടില്ല.

വിദഗ്ധ പരിശോധനയിലൂടെ മെഡിക്കല്‍ ക്യാമ്പും മറ്റും നടത്തി ആയിരക്കണക്കിന് രോഗികളുടെ എണ്ണം പ്രസിദ്ധീകരിക്കുകയും പിന്നീട് അതില്‍ നിന്നും ആളുകളെ വെട്ടിച്ചുരുക്കി ദുരുതബാധിതരില്‍ കൂടുതല്‍ ദുരുതമനുഭവിക്കുന്നവര്‍ക്ക് ഗഡുക്കളായി സഹായമെത്തിക്കുന്ന ഈ നിലപാട് അധികാരികള്‍ക്ക് എങ്ങനെയാണ് കൈകൊള്ളാനാകുക? അതോ ഇതൊക്കെ കാലങ്ങളായി മാറി മാറി അധികാരത്തിലിരിക്കുന്ന സര്‍ക്കാരുകള്‍ കണ്ടില്ലെന്ന് നടിക്കുന്നതാണോ?

50 കോടി നീക്കിവെച്ച് സ്ത്രീ സുരക്ഷയ്ക്കായി വനിതാ മതില്‍ കെട്ടിപടുത്ത ജനനായകന്മാരും,കോടികണക്കിന് രൂപ മുതല്‍മുടക്കി പ്രതിമ നിര്‍മ്മിച്ച് ആത്മ നിര്‍വൃതിയിടയുന്ന കേന്ദ്ര നേതാക്കന്മാരും കാണാതെ പോകരുത് ദുരിതം പെയ്ത മണ്ണിലെ സഹനദേവതകളായ ഈ അമ്മമാരുടെ ദയനീയത.

എന്തൊക്കെയായാലും,തങ്ങളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ച അധികാരികള്‍ക്ക് മുന്നില്‍ എത്തിക്കാന്‍ സെക്രട്ടറിയേറ്റിന് മുന്നിലെ സഹനസമരത്തിലൂടെ കഴിയും എന്ന അവസാന പ്രതീക്ഷയിലാണ് ഈ അമ്മമാര്‍…അത് കണാതിരിക്കാന്‍ നിങ്ങള്‍ക്കാവില്ല.

റിപ്പോര്‍ട്ട്: ജാസ്മിന്‍ അന്‍ഷാദ്

Top