എൽദോസ് കുന്നപ്പിള്ളി വൻ കുരുക്കിൽ, എം.എൽ.എ പദവിയും രാജിവയ്ക്കേണ്ടി വരും

കാലത്തിന്റെ കാവ്യനീതി ! അതാണിപ്പോള്‍ പെരുമ്പാവൂരില്‍ സംഭവിക്കുന്നത്. സി.പി.എമ്മിന് ഈ സിറ്റിംഗ് സീറ്റ് നഷ്ടമാകുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ജിഷ വധക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ എം.എല്‍.എ ആയിരുന്ന സാജു പോളിനെതിരെ ഉയര്‍ന്ന ആരോപണമായിരുന്നു. ജിഷയുടെ മൃഗീയ കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍പക്കക്കാര്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച ജിഷയുടെ അമ്മ രാജേശ്വരി തന്നെയാണ് സാജു പോള്‍ സഹായിച്ചില്ലന്നു പറഞ്ഞ് കടന്നാക്രമിച്ചിരുന്നത്. പിന്നീട് ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോള്‍ ജിഷ കേസിലെ പ്രതിയെ പിടികൂടിയതും ജിഷയുടെ അമ്മയ്ക്ക് വലിയ രൂപത്തിലുള്ള സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കിയതും ചരിത്രമാണ്. ലഭിച്ച പണം ആ സ്ത്രീ എങ്ങനെയൊക്കെ ധൂര്‍ത്തടിച്ചു എന്നതിനും ഈ കേരളം തന്നെയാണ് സാക്ഷി.

സാജു പോള്‍ കള്ളനാണെന്നും താന്‍ പലപ്രാവശ്യം സാജു പോളിന്റെ ഓഫീസില്‍ പോയി ജിഷയുടെ കാര്യം പറഞ്ഞെങ്കിലും ഒന്നും ചെയ്ത് തന്നില്ലന്നുമാണ് ജിഷയുടെ അമ്മ മുമ്പ് ആരോപിച്ചിരുന്നത്. ആ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹന്നാനും ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചതിന് ശേഷമുള്ള ഈ ആരോപണം ഏറെ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരുന്നത്. ആരോപണത്തിനു പിന്നില്‍ കോണ്‍ഗ്രസ്സ് ആണെന്നും രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമമെന്നും സി.പി.എം വാദിച്ചെങ്കിലും പെരുമ്പാവൂരില്‍ അത് ഏശിയിരുന്നില്ല.

ഈ സംഭവത്തിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജിഷ കൊലക്കേസ് യു.ഡി.എഫ് സര്‍ക്കാരിനെതിരായ വികാരമായി സംസ്ഥാനമാകെ പടര്‍ന്നെങ്കിലും പെരുമ്പാവൂരില്‍ മാത്രം നേരെ തിരിച്ചാണ് സംഭവിച്ചിരുന്നത്. ഈ മണ്ഡലത്തിലെ ജനങ്ങളില്‍ സ്വാധീനം ചെലുത്തിയത് ജിഷയുടെ അമ്മയുടെ വാക്കുകള്‍ ഉപയോഗിച്ച് കോണ്‍ഗ്രസ്സ് നടത്തിയ പ്രചരണമായിരുന്നു. തന്ത്രപരമായ നീക്കമായിരുന്നു അത്. ഇതോടെയാണ് സാജു പോളിന് കാലിടറിയിരുന്നത്. സിറ്റിങ് എംഎല്‍എയായ സാജു പോളിനെ 7,088 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ എല്‍ദോസ് കുന്നപ്പിള്ളി പെരുമ്പാവൂരില്‍ അട്ടിമറി വിജയം നേടിയിരുന്നത്. ഇതിനുശേഷം ഇന്നുവരെ മണ്ഡലം അദ്ദേഹത്തെ കൈവിട്ടിട്ടില്ല.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല.എം.എല്‍.എ സ്ത്രീ പീഡന കേസില്‍ പ്രതിയായതോടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിന് എതിരായ വികാരമാണ് ഉയര്‍ന്നിരിക്കുന്നത്. കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ എല്‍ദോസ് കുന്നപ്പിള്ളിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതു കൊണ്ടൊന്നും കോണ്‍ഗ്രസ്സിന് മണ്ഡലത്തില്‍ നഷ്ടമായ ഇമേജ് തിരിച്ചു പിടിക്കാന്‍ കഴിയുകയില്ല. സ്ത്രീ പീഡന കേസില്‍ പ്രതിയായ വ്യക്തി എം.എല്‍.എ സ്ഥാനത്ത് തുടരുന്നതും വലിയ ധാര്‍മ്മിക പ്രശ്‌നമാണ്.ഇത് മറികടക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളിയെ രാജി വയ്പ്പിക്കുകയല്ലാതെ കോണ്‍ഗ്രസ്സിനു മുന്നില്‍ മറ്റു വഴികളുമില്ല.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വിജയം കൊയ്തതു പോലെ പെരുമ്പാവൂരില്‍ വിജയം ആവര്‍ത്തിക്കാമെന്ന് കണക്ക് കൂട്ടിയാല്‍ അതും പാളും. സംഗതി സ്ത്രീ പീഡനമാണ്. അതിജീവിക്കുക എളുപ്പമല്ല. എത്ര മിടുക്കനായ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ്സ് നിര്‍ത്തിയാലും എല്‍ദോസിന്റെ ചെയ്തികള്‍ക്കെതിരെ മറുപടി പറയേണ്ടി വരും. ഇതോടെയാണ് മധുരമായ പ്രതികാരത്തിന് സി.പി.എമ്മിനു മുന്നിലും പോര്‍മുഖം തുറക്കപ്പെടുക. ഒരു സ്ത്രീയുടെ ആരോപണത്തില്‍ തട്ടി കൈവിട്ട മണ്ഡലം മറ്റൊരു സ്ത്രീയുടെ കേസിന്റെ പശ്ചാത്തലത്തില്‍ ഇടതുപക്ഷത്തിന് തിരിച്ചു പിടിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഉപതിരഞ്ഞെടുപ്പ് അനിവാര്യമായാല്‍ ഇടതുപക്ഷത്തിനു ലഭിക്കുക. തൃക്കാക്കരയിലെയും പെരുമ്പാവൂരിലെയും സാഹചര്യങ്ങളും വളരെ വ്യത്യസ്തമാണ്. പി.ടി തോമസ് എന്ന ജനകീയ നേതാവിന്റെ മരണം ഉയര്‍ത്തിയ സഹതാപമാണ് തൃക്കാക്കര നിലനിര്‍ത്താന്‍ യു.ഡി.എഫിനെ പ്രധാനമായും സഹായിച്ചിരിക്കുന്നത്. എന്നാല്‍ പെരുമ്പാവൂരില്‍ വില്ലന്‍ സിറ്റിങ്ങ് എം.എല്‍.എ തന്നെ ആയതിനാല്‍ പ്രതിപക്ഷത്തെ സംബന്ധിച്ച് വെല്ലുവിളിയും വലുതായിരിക്കും.

ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നതിനാല്‍ എം.എല്‍.എയുടെ രാജി ഒഴിവാക്കാന്‍ കോണ്‍ഗ്രസ്സും പരമാവധി ശ്രമിക്കും. പാര്‍ട്ടിയില്‍ നിന്നും നടപടി എടുത്താലും എം.എല്‍.എ സ്ഥാനം രാജിവയ്പ്പിക്കരുത് എന്ന നിലപാട് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിനുണ്ട്. എന്നാല്‍ ഈ നിലപാടിന് എത്രമാത്രം പിന്തുണ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ നിന്നും ലഭിക്കുമെന്നതും കണ്ടറിയേണ്ട കാര്യമാണ്. പ്രത്യേകിച്ച് സ്ത്രീകളെ ഉള്‍പ്പെടെ ചേര്‍ത്തു നിര്‍ത്താന്‍ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്ന പശ്ചാത്തലത്തില്‍ സ്ത്രീ പീഡന കേസില്‍ പ്രതിയായ എം.എല്‍.എ പാര്‍ട്ടിയില്‍ തുടരുന്നത് രാഹുല്‍ ഗാന്ധിക്കും വലിയ നാണക്കേടാകും. അതുകൊണ്ടു തന്നെ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കടുത്ത നിലപാട് തന്നെ ആയിരിക്കും കോണ്‍ഗ്രസ്സ് ഹൈക്കമാന്റും സ്വീകരിക്കുക. അതല്ലങ്കില്‍ ഹൈക്കമാന്റും പ്രതിക്കൂട്ടിലാകും.

‘പ്രതിച്ഛായ രാഷ്ട്രീയം പയറ്റുന്ന’ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെ എം.എല്‍.എയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാക്കള്‍ നിലവില്‍ ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണുള്ളത്. എല്‍ദോസ് കുന്നപ്പിള്ളിയെ പുറത്താക്കിയത് കൊണ്ടു മാത്രം പ്രശ്‌നം തീരില്ലന്നതാണ് ഈ നേതാക്കളുടെ എല്ലാം ചങ്കിടിപ്പിക്കുന്നത്. എം.എല്‍.എ സ്ഥാനം രാജിവയ്പ്പിച്ചാല്‍ മണ്ഡലം തിരിച്ചു പിടിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ പ്രതിപക്ഷ നേതാവിന്റെ മാത്രമല്ല കെ.പി.സി.സി പ്രസിഡന്റിന്റെയും കസേരയാണ് ഇളകുക. അത്തരം ഒരു സാഹചര്യത്തില്‍ ഇവരുടെ നേതൃത്വം തന്നെയാണ് ചോദ്യം ചെയ്യപ്പെടുക. കോണ്‍ഗ്രസ്സിലെ സതീശന്‍ വിരുദ്ധ ചേരിയും അത്തരമൊരു സന്ദര്‍ഭത്തിനായാണ് കാത്തു നില്‍ക്കുന്നത്.

കോണ്‍ഗ്രസ്സില്‍ എന്തു തന്നെ സംഭവിച്ചാലും പെരുമ്പാവൂര്‍ മണ്ഡലത്തില്‍ കാര്യങ്ങള്‍ കോണ്‍ഗ്രസ്സിന് നിലവില്‍ എതിരാണ്. ഉപതിരഞ്ഞെടുപ്പ് നടന്നാലും പൊതു തിരഞ്ഞെടുപ്പ് നടന്നാലും ഈ മണ്ഡലം നിലനിര്‍ത്തുക എന്നത് യു.ഡി.എഫിന് ഇനി വലിയ വെല്ലുവിളി തന്നെയാകും. എം.എല്‍.എക്ക് എതിരെ അധ്യാപിക നല്‍കിയ പരാതിയില്‍ കഴമ്പുണ്ട് എന്നതു തന്നെയാണ് ഇതിന് അടിസ്ഥാനം. അതു കൊണ്ടാണ് ഇക്കാര്യത്തില്‍ അന്വേഷണം നടക്കട്ടെ എന്ന നിലപാട് കോണ്‍ഗ്രസ്സ് നേതൃത്വവും സ്വീകരിച്ചിരിക്കുന്നത്. പരാതിക്കാരിയുടെ കൈവശമുള്ള തെളിവുകള്‍ എന്തൊക്കെയാണ് എന്നതും കോണ്‍ഗ്രസ്സ് നേതാക്കളെ ശരിക്കും ആശങ്കപ്പെടുത്തുന്നുണ്ട്.

അതേസമയം പീഡനക്കേസ് റജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ലൈംഗിക പീഡനം ഉള്‍പ്പെടെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുവാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ലോക്കല്‍ പൊലീസില്‍ നിന്നും കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് കടുത്ത നിലപാടുമായാണ് മുന്നോട്ട് പോകുന്നത്. എല്‍ദോസ് കുന്നപ്പിള്ളിക്ക് ശരിക്കും വിനയായത് സ്വന്തം ഫോണിലെ ‘രഹസ്യങ്ങളാണ് ‘ എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. പലരുമായുള്ള ബന്ധവും എംഎല്‍എയുടെ സ്വഭാവ വൈകൃതവും പരാതിക്കാരി തിരിച്ചറിഞ്ഞത് ഈ ഫോണില്‍ നിന്നായിരുന്നുവത്രെ. മദ്യലഹരിയില്‍ പലപ്പോഴും പരാതിക്കാരിയുടെ വീട്ടിലെത്തിയ എം.എല്‍.എ ഒരിക്കല്‍ ഫോണ്‍ മറന്നുവച്ചതോടെയാണ് ബന്ധത്തില്‍ ട്വിസ്റ്റുണ്ടായത്. അന്നാണ് എംഎല്‍എയുടെ തനിനിറം അധ്യാപികയായ യുവതിക്ക് മനസ്സിലായതെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യം യുവതി ചോദിച്ചതോടെ ഫോണ്‍ തിരികെ നല്‍കാനാവശ്യപ്പെട്ട് മര്‍ദിക്കുകയുണ്ടായി. എന്നിട്ടും ഫോണ്‍ നല്‍കാതിരുന്നതോടെ സമ്മര്‍ദവും മധ്യസ്ഥ ശ്രമവും തുടങ്ങിയതായും യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എംഎല്‍എയ്ക്കെതിരായ വീഡിയോ ദൃശ്യവും ഫോണ്‍ സംഭാഷണം അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും ധാരാളം യുവതിയുടെ പക്കലുണ്ട്. അതിലൊന്ന് ഒക്ടോബര്‍ 12നു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പുറത്തു വിട്ടിട്ടുമുണ്ട്. ബാക്കി തെളിവുകള്‍ അന്വേഷണ സംഘത്തിനാണ് കൈമാറിയിരിക്കുന്നത്. വിവാഹവാഗ്ദാനം നല്‍കിയാണ് എല്‍ദോസ് കുന്നപ്പിള്ളി അധ്യാപികയുമായുള്ള ബന്ധം തുടര്‍ന്നിരുന്നത്. ഇക്കാര്യം ഇതിനകം തന്നെ അന്വേഷണ സംഘത്തിനും ബോധ്യപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങളായി പരിചയമുള്ള ഇരുവരും കഴിഞ്ഞ ജൂണ്‍ മുതല്‍ കൂടുതല്‍ അടുത്തിരുന്നതായി അധ്യാപികയും വെളിപ്പെടുത്തിയിട്ടുണ്ട്. സൗഹൃദം മുതലെടുത്ത എംഎല്‍എ ലൈംഗികമായി പീഡിപ്പിച്ചെന്ന് മജിസ്‌ട്രേട്ടിനും ക്രൈംബ്രാഞ്ചിനും നല്‍കിയ മൊഴിയിലും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോവളത്ത് കൊണ്ടുപോയി തന്നെ മര്‍ദിക്കുന്നത് നാട്ടുകാര്‍ കണ്ടെന്ന് യുവതി എടുത്ത് പറഞ്ഞിട്ടുണ്ട്. മാത്രമല്ല അവിടെ വിവരമറിഞ്ഞെത്തിയ പൊലീസിനോടും ചികിത്സയ്ക്കെത്തിയ ജനറല്‍ ആശുപത്രിയിലും ഭാര്യയാണെന്നാണ് എം.എല്‍.എ പറഞ്ഞതെന്നും യുവതി ചൂണ്ടിക്കാട്ടുകയുണ്ടായി. ഇത്തരം ഒരു മൊഴി ലഭിച്ചതിനാല്‍ ദൃക്‌സാക്ഷികളുടെയും അന്നവിടെ എത്തിയ പൊലീസുകാരുടെയും മൊഴി ക്രൈംബ്രാഞ്ചിനും രേഖപ്പെടുത്തേണ്ടി വരും. ഇവരെല്ലാം കേസില്‍ സാക്ഷികളും ആകും. പരാതി പിന്‍വലിക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്ത സംഭവത്തിലും കൂട്ടുപ്രതികള്‍ ഉണ്ടാകാനാണ് സാധ്യത.വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസില്‍ വച്ച് മര്‍ദിച്ചെന്ന മൊഴിയില്‍ അഭിഭാഷകന്റെ മൊഴിയും പൊലീസ് എടുക്കും. സംഭവം അന്നു തന്നെ പൊലീസിനെ അറിയിക്കാതിരുന്നതും നിയമപരമായി കുറ്റമാണ്. കന്യാകുമാരിയില്‍ കടലില്‍ ചാടിമരിക്കാന്‍ തീരുമാനിച്ചപ്പോള്‍ പൊലീസ് പിടിച്ച് നാഗര്‍കോവിലിലേക്ക് ബസ് കയറ്റിവിട്ടതായ യുവതിയുടെ മൊഴിയിലും വ്യക്തമായ പരിശോധനയാണ് നടക്കുക. ഇതു സംബന്ധമായി തമിഴ് നാട് പൊലീസിന്റെ മൊഴിയാണ് രേഖപ്പെടുത്തുക. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയവരെയും പൊലീസ് ഉടന്‍ ചോദ്യം ചെയ്യും.

എങ്ങനെ നോക്കിയാലും വലിയ കുരുക്കിലാണ് പെരുമ്പാവൂര്‍ എം.എല്‍.എ കുടുങ്ങിക്കിടക്കുന്നത്. അക്കാര്യത്തില്‍ ഒരു സംശയവും ഇല്ല. ഒരുപാട് തെളിവുകള്‍ എതിരായി വരുന്ന സാഹചര്യത്തില്‍ ഊരിപ്പോരുന്നതും പ്രയാസമാണ്. കോടതി ജാമ്യം നിഷേധിച്ചാല്‍ പൊലീസ് നടപടികള്‍ക്കും വേഗതയേറും. ഇതെല്ലാം കോണ്‍ഗ്രസ്സിനു മേല്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദവും ഏറെയാണ്. കേവലം സംഘടനാ നടപടിയില്‍ മാത്രം ഒതുക്കാതെ എം.എല്‍.എ സ്ഥാനം രാജിവയ്പ്പിച്ചില്ലങ്കില്‍ പെരുമ്പാവൂരില്‍ ജനകീയ പ്രക്ഷോഭം ഉയരുമെന്ന ഭയവും, കോണ്‍ഗ്രസ്സ് നേതൃത്വത്തിനുണ്ട്. ഇവിടെയാണ് പന്ത് ഇടതുപക്ഷത്തിന്റെ കളത്തില്‍ എത്തുന്നത്. എം.എല്‍.എ രാജിവച്ചില്ലങ്കില്‍ രാജി വയ്പ്പിക്കുന്നതിന് ആവശ്യമായ പ്രക്ഷോഭത്തിലേക്ക് ഇടതുപക്ഷവും കടക്കും. ജിഷയുടെ അമ്മയുടെ ഒറ്റ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സാജു പോളിനും സി.പി.എമ്മിനും എതിരെ പെരുമ്പാവൂരില്‍ പടനയിച്ചവര്‍ക്ക് വ്യക്തമായ കേസ് മുന്‍ നിര്‍ത്തിയാണ് ചെമ്പട മറുപടി നല്‍കാന്‍ ഒരുങ്ങുന്നത്. വീണ്ടും ഒരിക്കല്‍ കൂടി കേരള രാഷ്ട്രീയം ഉറ്റു നോക്കുന്ന പോരാട്ടത്തിനാണ് ഇതോടെ പെരുമ്പാവൂര്‍ മണ്ഡലവും സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. അതെന്തായാലും വ്യക്തവുമാണ്.
EXPRESS KERALA VIEW

Top