ഇഡ്‌ലിബ് പ്രവിശ്യയില്‍ റഷ്യന്‍ സൈന്യത്തിന്റെ വ്യോമാക്രമണം:അഞ്ചു പേര്‍ കൊല്ലപ്പെട്ടു

ദമാസ്‌കസ്: സിറിയന്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ഇഡ്‌ലിബ് പ്രവിശ്യയില്‍ റഷ്യന്‍ സൈന്യത്തിന്റെ വ്യോമാക്രമണം. ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം ലഭിച്ചിരിക്കുന്നത്. സിറിയയില്‍ വിമതര്‍ക്ക് സ്വാധീനമുള്ള അവസാനത്തെ മേഖലയാണ് ഇഡ്‌ലിബ്.

ഇഡ്‌ലിബിലെ വിമതരുടെ ജനസംഖ്യ പതിനായിരത്തിലധികമാണ്. ഇതേ സമയം 30 ലക്ഷം വരുന്ന സിവിലിയന്മാരില്‍ പകുതിപ്പേരും യുദ്ധസാധ്യത കണക്കിലെടുത്ത് മറ്റു പ്രദേശങ്ങളിലേക്ക് പാലായനം ചെയ്തിട്ടുണ്ട്.

സിറിയയുടെ മുഴുവന്‍ പ്രദേശവും വിമതരില്‍ നിന്ന് തിരിച്ചു പിടിക്കണമെന്നും തകര്‍ന്ന സിറിയയെ പുനര്‍നിര്‍മിക്കണമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി സരീഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിമതരുടെ ശക്തി കേന്ദ്രമായ ഇദ് ലീബിനെ പൂര്‍ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ പ്രഥമ ശ്രദ്ധ നല്‍കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇറാനും സിറിയയും തമ്മില്‍ സൈനിക സഹകരണത്തിന് കരാറില്‍ ഒപ്പു വെച്ചതിനു പിന്നാലെയാണ് ഇറാന്‍ വിദേശകാര്യമന്ത്രി സിറിയ സന്ദര്‍ശിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ദമാസ്‌കസില്‍ ഇറാനിലേയും സിറിയയിലേും പ്രതിരോധ മന്ത്രിമാര്‍ തമ്മില്‍ കരാര്‍ ഒപ്പിട്ടത്.

Top