എൽദോസ് എം എൽ എ പദവി രാജി വയ്ക്കണമെന്ന ആവശ്യം പെരുമ്പാവൂരിലും ശക്തമാകുന്നു !

പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി സ്ത്രീ പീഡന കേസിൽ പ്രതിയായതോടെ, അദ്ദേഹത്തിന്റെ മണ്ഡലത്തിലും അതിന്റെ അലയൊലികൾ ദൃശ്യമാണ്. എൽദോസ് എം.എൽ.എ പദവി രാജിവച്ച് അന്വേഷണത്തെ നേരിടണമെന്നതാണ് വോട്ടർമാരിൽ നല്ലൊരു വിഭാഗവും ആഗ്രഹിക്കുന്നത്. കോൺഗ്രസ്സിലെ പ്രബല വിഭാഗവും എൽദോസ് കുന്നപ്പിള്ളിയുടെ രാജി അനിവാര്യമാണെന്ന നിലപാടിലാണ്.

ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പിള്ളിയ്ക്കെതിരെ യൂത്ത്കോൺഗ്രസിലും വിമർശനങ്ങൾ ശക്തമാണ്. കോൺഗ്രസിന് അപമാനമുണ്ടാക്കിയ എം എൽ എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം മാർച്ച് നടത്താൻ തീരുമാനിച്ചെങ്കിലും, കെ പി സി സി നേതാക്കൾ ഇടപെട്ട് തടയുകയായിരുന്നു എന്ന റിപ്പോർട്ടും ഇതിനകം പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം എം എൽ എയ്ക്ക് പിന്തുണ പ്രഖ്യാപിക്കാൻ പെരുമ്പാവൂർ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിന് സമീപമുള്ള ഇന്ദിര ഭവനിൽ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ യോഗം ചേരാനെത്തിയെങ്കിലും, യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം പ്രവർത്തകർ യോഗത്തിലേക്ക് ഇരച്ചുകയറിയതോടെ യോഗം പിരിച്ചുവിടുകയാണ് ഉണ്ടായതത്രെ. ഐ ഗ്രൂപ്പിന്റെ വക്താവായ എൽദോസ് കുന്നപ്പിള്ളി മണ്ഡലത്തിലെ കൂവപ്പടി , ഒക്കൽ, പെരുമ്പാവൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ മാറ്റി സ്ഥാപിച്ചിരുന്നു. ഇക്കാര്യത്തിൽ അസംതൃപ്തി ഉള്ളവരും ഇപ്പോഴത്തെ വിവാദം ശരിക്കും ഉപയോഗപ്പെടുത്തുന്നുണ്ട്. ‘പിന്തുണ പിൻവലിച്ചവർക്ക് നന്ദിയെന്ന് എം എൽ എ യുടെ ഒളിവിലിരുന്നിട്ട പോസ്റ്റിൽ പറയുന്നത് ‘ യൂത്ത് കോൺഗ്രസിലെ ഈ എതിരാളികളെ ഉദ്ദേശിച്ചാണ്.

അതേസമയം, എൽദോസ് കുന്നപ്പിള്ളിയെ അനുകൂലിക്കുന്ന മറുവിഭാഗം യൂത്ത് കോൺഗ്രസ്സുകാർ സോഷ്യൽ മീഡയകളിൽ പരാതിക്കാരിക്കെതിരെ കടുത്ത അധിക്ഷേപമാണ് നടത്തി കൊണ്ടിരിക്കുന്നത്. ഇതേ തുടർന്ന് യുവതി  തിരുവനന്തപുരം സൈബർ സെല്ലിന് പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് അരീക്കൽ, പെരുമ്പാവൂർ മണ്ഡലം ജനറൽ സെക്രട്ടറി എൽദോസ് ചിറയ്ക്കൽ എന്നിവർക്കെതിരെയാണ് പരാതി. ഈ പരാതിയിലും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം, ബലാത്സംഗ കുറ്റം നിന്നാലും ഇല്ലങ്കിലും, ഒരു സ്ത്രീയെ മർദ്ദിച്ച കേസ് നിലനിൽക്കുമെന്നാണ് , കോൺഗ്രസ്സ് നേതാക്കൾക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശമെന്നാണ് സൂചന. ദൃക്‌സാക്ഷികളും സി.സി.ടി.വി ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും ഉള്ള കേസായതിനാൽ, എം.എൽ.എയുടെ രാജിക്കായി കെ.കെ രമ ഉൾപ്പെടെയുള്ള പ്രതിപക്ഷ എം.എൽ.എമാരും രംഗത്തു വന്നു കഴിഞ്ഞു. എൽദോസ് കുന്നപ്പിള്ളി രാജിവച്ചില്ലങ്കിൽ, പെരുമ്പാവൂർ മണ്ഡലത്തിൽ വലിയ പ്രക്ഷോഭത്തിനാണ് സി.പി.എം പ്ലാൻ ചെയ്തിരിക്കുന്നത്. സ്ത്രീ പീഢന കേസ് നിലനിൽക്കെ നിയമസഭയിൽ എൽദോസ് കുന്നപ്പിള്ളി എത്തിയാൽ , അത് യു.ഡി.എഫിനും വലിയ രൂപത്തിലാണ് ക്ഷീണം ചെയ്യുക. എൽദോസ് കുന്നപ്പിള്ളിയുടെ രാജിയിലും ഒരു ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത തന്നെയാണ് ഇപ്പോൾ തെളിയുന്നത്. ഈ സഹചര്യത്തിൽ എക്‌സ് പ്രസ്സ് കേരള പെരുമ്പാവൂർ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നെടുത്ത പ്രതികരണങ്ങൾ കാണുക . . .


EXPRESS KERALA VIEW

Top