എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പ്രസ്താവിക്കും. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിക്കുക. എംഎൽഎയ്‌ക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയ കാര്യം പൊലീസ് കോടതിയെ അറിയിക്കും.

ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് തന്റെ ഭാഗം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയും കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. അധ്യാപികയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർചെയ്ത കേസിൽ എൽദോസിനെതിരെ വധശ്രമത്തിനുള്ള വകുപ്പും ഉൾപ്പെടുത്തി. കോവളത്തെ ആത്മഹത്യാ പോയന്റിന് സമീപത്തുവെച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന മൊഴിയിലാണിത്.

യുവതിയെ ബലാത്കാരമായി നഗ്‌നയാക്കിയെന്ന വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. കോവളം ഗസ്റ്റ്ഹൗസിൽവെച്ച് പീഡിപ്പിച്ചെന്ന മൊഴിയിൽ അന്വേഷണസംഘം യുവതിയെ തെളിവെടുപ്പിനായി അവിടെയെത്തിച്ചു. പരാതിയിൽ പറയുന്ന ദിവസങ്ങളിൽ എൽദോസ് കുന്നപ്പിള്ളി അവിടെ മുറിയെടുത്തിരുന്നതായി കണ്ടെത്തി. പൊലീസ് കേസെടുത്തതിന് പിന്നാലെ എൽദോസ് കുന്നപ്പിള്ളി ഒളിവിലാണ്.

Top