പ്രായമായ സ്ത്രീകളെ തെരഞ്ഞുപിടിച്ച് ബൈക്കിലെത്തി മാല മോഷണം; പ്രതികൾ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രായമായ സ്ത്രീകളെ തെരഞ്ഞുപിടിച്ച് ബൈക്കിലെത്തി മാലകള്‍ പിടിച്ചുപറിക്കുന്ന രണ്ട് യുവാക്കള്‍ പിടിയില്‍. നടുവട്ടം ചെറുകണ്ടത്തില്‍ ജംഷിദ് എന്ന ഇഞ്ചില്‍ (30), ചക്കുംകടവ് ആനമാട് നിസാമുദ്ദീന്‍ എന്ന നിസാം(33) എന്നിവരാണ് പൊലീസ് പിടിയിലായത്. ഫറോക്ക് എ സി പി സിദ്ധിഖിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും പന്നിയങ്കര സബ്ബ് ഇന്‍സ്‌പെക്ടര്‍ മുരളീധരനും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.

പന്നിയങ്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കല്ലായ് വി.കെ കൃഷ്ണമേനോന്‍ റോഡില്‍ വെച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടിലേക്ക് പോവുകയായിരുന്ന അറുപത് വയസ്സുള്ള കീഴാര്‍മഠം സ്വദേശിനിയുടെ ഒന്നര പവന്‍ തൂക്കംവരുന്ന മാല ബൈക്കിലെത്തിയ രണ്ട് പേര്‍ പിടിച്ചുപറിച്ച് കടന്നു കളഞ്ഞിരുന്നു. ഈ പരാതിയിലെ അന്വേഷണത്തിലാണ് യുവാക്കള്‍ പിടിയിലായത്.

വയോധികയുടെ അരികിലേക്ക് ബൈക്ക് നിര്‍ത്തുകയും പിന്നിലിരുന്ന ഇഞ്ചില്‍ ഇറങ്ങി നടന്നു വരികയും വയോധികയെ തള്ളിയിട്ട് മാല പിടിച്ചു പറിച്ച ശേഷം ബൈക്കില്‍ കയറി പോവുകയുമായിരുന്നു. സംഭവം നടന്ന ഉടനെ തന്നെ ക്രൈം സ്‌ക്വാഡ് അന്വേഷണം നടത്തിയതില്‍ പ്രതികളെ കുറിച്ച് സൂചന ലഭിക്കുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടയില്‍ പ്രതികള്‍ വട്ടക്കിണര്‍ ഭാഗത്ത് ഉണ്ടെന്ന് വിവരം ലഭിക്കുകയുമായിരുന്നു.

സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ ഇവിടം വളയുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായി കീഴ്‌പ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് പന്നിയങ്കര സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് യുവാക്കള്‍ ഇതിന് മുന്‍പ് ചെയ്ത കുറ്റകൃത്യങ്ങളുടെ വിവരം ലഭിക്കുന്നത്. 2020 ഡിസംബര്‍ 10ന് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊറ്റമ്മല്‍ അങ്കത്തില്‍ ദാമോദരന്‍ നായര്‍ റോഡില്‍ സ്ത്രീയുടെ പുറകില്‍ നിന്നും നടന്നു വന്ന് ഒന്നേകാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല പിടിച്ച് പറിച്ച് കൊണ്ടു പോയതും ഫറോക്ക് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും 2021 ഫെബ്രുവരി 12ന് സേവാമന്ദിരം സ്‌കൂളിന് സമീപം സ്ത്രീയുടെ ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മാല പിടിച്ചു പറിച്ച് കൊണ്ട് പോയതും തേഞ്ഞിപാലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊളകുത്തില്‍ നിന്നും യുവതിയുടെ മാലകള്‍ പിടിച്ചുപറിച്ചതും പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.

ഇവര്‍ കൃത്യത്തിനുപയോഗിച്ചിരുന്ന ബൈക്കും പൊലീസ് കണ്ടെടുത്തു. ജില്ലയിലും പുറത്തും നൂറോളം കേസുകളില്‍ പ്രതിയാണ് ജംഷീദ്. ഭവനഭേദനത്തിന് കോടതി ശിക്ഷിച്ച പ്രതിയാണ് ഇഞ്ചില്‍. പിടിച്ചുപറിച്ച മാലകള്‍ പണയം വെക്കുകയോ വില്‍ക്കുകയോ ചെയ്തു കിട്ടുന്ന പണം കൊണ്ടാണ് ഇവര്‍ ലഹരിമരുന്ന് വാങ്ങി ഉപയോഗിക്കുന്നത്.

ബൈക്ക് ഓടിച്ചിരുന്നതും പിടിച്ചുപറിച്ച മാലകളില്‍ ചിലത് വില്പന നടത്തി കൊടുത്തിരുന്നതും നിസാമുദീന്‍ ആയിരുന്നു. കല്ലായ് ഗുഡ്‌സ് ഷെഡില്‍ നിര്‍ത്തിയിട്ട പോര്‍ട്ടറുടെ വാഹനം ഉടമസ്ഥന്‍ അറിയാതെ കള്ളതാക്കോലിട്ട് സ്റ്റാര്‍ട്ടാക്കി എടുത്തുകൊണ്ട് പോയി പിടിച്ചുപറി നടത്തി തിരികെ കൊണ്ടു വെക്കാറാണ് ഇവരുടെ പതിവ്. സിസിടിവി ദൃശ്യങ്ങളില്‍ പതിയാതിരിക്കാനും ആളുകള്‍ പിന്തുടര്‍ന്നാല്‍ മനസ്സിലാവാതിരിക്കാനുമായി പിടിച്ചുപറി നടത്തിയ ഉടനെ തന്നെ ഓടികൊണ്ടിരിക്കുന്ന ബൈക്കില്‍ നിന്നു തന്നെ ഷര്‍ട്ട് മാറ്റുകയും പഴയത് പുഴയിലോ മറ്റോ ഉപേക്ഷിക്കുകയും ചെയ്യുകയും ചെയ്തിരുന്നു.

 

Top