മധ്യപ്രദേശില്‍ വളര്‍ത്തുനായയുടെ കുരയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ വൃദ്ധയെ യുവാവ് ചവിട്ടിക്കൊന്നു

മധ്യപ്രദേശ് : വളര്‍ത്തുനായയുടെ കുരയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ വൃദ്ധയെ യുവാവ് ചവിട്ടിക്കൊന്നു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തിലാണ് സംഭവം. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിന് നേരെ 65 കാരിയുടെ വളര്‍ത്തു നായ നിര്‍ത്താതെ കുറച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

ശനിയാഴ്ച രാത്രി മുസാഖേദി മേഖലയിലാണ് സംഭവം. ശാന്തി നഗര്‍ സ്വദേശിയായ പ്രതി കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. രാത്രി 10.30ഓടെ കമ്മ്യൂണിറ്റി ഹാളിന് സമീപമെത്തിയപ്പോള്‍ ഒരു നായ തുടര്‍ച്ചയായി കുരയ്ക്കാന്‍ തുടങ്ങി. ഇതുമൂലം ആ വഴിയിലൂടെ കടന്നുപോകാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ല. ഇതോടെ പ്രതി നിലവിളിക്കാന്‍ തുടങ്ങി. ശബ്ദം കേട്ട് നായയുടെ ഉടമയായ വൃദ്ധ വീട്ടില്‍ നിന്ന് ഇറങ്ങിവന്നു. നായയുടെ കുരയെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. വഴക്ക് രൂക്ഷമായതോടെ 35 കാരനായ പ്രതി വൃദ്ധയുടെ അടിവയറ്റില്‍ ചവിട്ടുകയും അവര്‍ സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നുവെന്ന് ആസാദ്നഗര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് നീരജ് മേധ പറഞ്ഞു. പ്രതിക്കെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്തു.

Top