കണ്ണൂരില്‍ കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയിൽ

കണ്ണൂര്‍: കണ്ണൂരില്‍ വയോധിക കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. അസം സ്വദേശി മഹിബുള്‍ ഹക്കാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയിലേക്ക് എത്തിയത്. അസമില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ നാട്ടിലെത്തിച്ചു. കേസില്‍ ഒരാള്‍ കൂടി പിടിയിലാകേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.

വാരം എളയാവൂരില്‍ തനിച്ച് താമസിക്കുകയായിരുന്ന പി കെ ആയിഷയെയാണ് കവര്‍ച്ചാ സംഘം ആക്രമിച്ചത്. ഇവരുടെ കാതിലുണ്ടായിരുന്ന ആഭരണങ്ങളും പറിച്ചെടുത്തിരുന്നു. കാതുകളില്‍ നിന്ന് സ്വര്‍ണ്ണം കൈക്കലാക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ആയിഷ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

ഇവര്‍ താമസിക്കുന്ന വീടിന് അടുത്തൊന്നും സിസിടിവി ഇല്ലായെന്നത് അന്വേഷണത്തിന് വെല്ലുവിളിയായിരുന്നു. എന്നാല്‍ ഇവരുടെ വീടിന് അകലെ മാറിയുള്ള സിസിടിവിയില്‍ പ്രതികളുടെ ചിത്രങ്ങള്‍ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് കണ്ണൂര്‍ ടൌണ്‍ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.

കഴിഞ്ഞ 23 ആം തീയതിയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പുലര്‍ച്ചെ നമസ്‌കാരത്തിനായി എഴുന്നേറ്റ ആയിഷ മോട്ടര്‍ ഓണാക്കിയിട്ടും വെള്ളം കിട്ടാത്തതോടെ വീടിന് പുറത്തിറങ്ങി. ഈ സമയത്താണ് കവര്‍ച്ചാ സംഘം ആക്രമിച്ചത്. ഇവര്‍ തന്നെയാണ് പുറത്ത് നിന്നും പൈപ്പ് പൂട്ടിവച്ചതും അയിഷ വീടിന് വെളിയിലിറങ്ങേണ്ട സാഹചര്യമുണ്ടാക്കിയതും. അയില്‍ തനിച്ചാണ് താമസമെന്നത് നേരത്തെ മനസിലാക്കിയാണ് പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്ത് എത്തിയത്.

 

Top