Elano Wrongly Accused of Assaulting FC Goa Co-Owner, Sensational Video Reveals

മഡ്ഗാവ് (ഗോവ): എഫ്.സി ഗോവ ടീം സഹഉടമയും വ്യവസായിയുമായ ദത്തരാജ് സാല്‍ഗോങ്കറെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ചെന്നൈയിന്‍ എഫ്.സി ക്യാപ്റ്റന്‍ എലാനോ ബ്ലൂമര്‍ക്കെതിരായ പരാതി വ്യാജമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച വിഡിയോ എന്‍.ഡി.ടി.വി പുറത്തുവിട്ടു. ഗോവ പൊലീസ് അറസ്റ്റ് ചെയ്യാന്‍ തക്ക കാര്യങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് പുതിയ വിഡിയോ വ്യക്തമാക്കുന്നത്.

ഐ.എസ്.എല്‍ കിരീട നേട്ടത്തിനു പിറകെ ബ്ലൂമര്‍ അധിക്ഷേപിച്ചെന്നും കൈയ്യേറ്റം ചെയ്‌തെന്നും ചൂണ്ടിക്കാട്ടി ദത്തരാജ് ഗോവ പൊലീസിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. ഐ.പി.സി 323, 341, 504 പ്രകാരം അധിക്ഷേപിക്കല്‍, സമാധാനം തകര്‍ക്കല്‍, കൈയ്യേറ്റം, തടസപ്പെടുത്തല്‍ അടക്കമുള്ള കുറ്റങ്ങള്‍ മുന്‍ ബ്രസീല്‍ താരമായ ബ്ലൂമറിനെതിരെ ചുമത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ അഞ്ചംഗ െഎ.എസ്.എല്‍ അച്ചടക്ക സമിതി ചൊവ്വാഴ്ചയും ബുധനാഴ്ചയും യോഗം ചേരുന്നുണ്ട്. പുതിയ വിഡിയോ സംഘം പരിശോധിക്കും.

2015ലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാള്‍ ഫൈനലില്‍ എഫ്.സി ഗോവയെ തകര്‍ത്ത് ചെന്നൈയിന്‍ എഫ്.സി കിരീടം നേടിയിരുന്നു. വാശിയേറിയ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചെന്നൈയിന്‍ ജേതാവായത്. സ്വന്തം കളിമുറ്റത്ത് കിരീടം കൈവിട്ടതിന്റെ ദേഷ്യത്തില്‍ ചെന്നൈയിന്‍ എഫ്.സി നായകന്‍ എലാനോ ബ്‌ളുമര്‍ക്കെതിരെ ചാര്‍ത്തിയ കേസ് ഗോവ പൊലീസ് ആഘോഷമാക്കിയിരുന്നു. ദുരൂഹമായ കൊലപാതകങ്ങള്‍ പലതും അരങ്ങേറിയിട്ടും തുമ്പില്ലാതെ പോകുന്ന ഗോവയില്‍ പൊലീസ് ഈ കേസില്‍ അത്യുത്സാഹം കാണിച്ചത് വാര്‍ത്തയായിരുന്നു. പ്രമാദമായ കൊലപാതം അന്വേഷിക്കുന്നതുപോലെയാണ് ഗോവന്‍ പൊലീസ് എലാനോയുടെ കേസ് അന്വേഷിച്ചത്. ഫട്ടോര്‍ഡ സ്റ്റേഡിയത്തില്‍ ‘സംഭവം’ പുന:സൃഷ്ടിച്ച് പൊലീസ് കേസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നിരുന്നു.

Top