കര്‍ഷക രോഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ വീഴുമെന്ന് എളമരം കരീം എംപി

കോഴിക്കോട്: രാജ്യത്താകമാനം പടര്‍ന്നുകയറുന്ന കര്‍ഷകരോഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലംപരിശാവുമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. സഹനത്തിന്റെ അവസാന പടിയില്‍ നിന്നാണ് കര്‍ഷകര്‍ സമരം തുടങ്ങിയത്. ജീവിക്കാന്‍ അനുവദിക്കാത്ത നിയമങ്ങള്‍ റദ്ദാക്കണമെന്നും അല്ലെങ്കില്‍ ഈ ഭരണം തന്നെ മാറ്റുമെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍ ദില്ലിയിലെത്തി സമരം തുടരുന്നത്.

ലോക ചരിത്രത്തില്‍ സമാനതകളില്ലാത്ത രീതിയില്‍ സമരം നടത്തുന്നവരോട് ചര്‍ച്ചയ്ക്ക് തയ്യാറാവാത്ത സമീപനമാണ് കേന്ദ്രത്തിന്റേത്. ഇതിനെതിരായ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. ഇത് അവഗണിച്ചാല്‍ സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടിവരും.

കേന്ദ്ര സര്‍ക്കാര്‍ എല്ലാ മേഖലകളും കുത്തകകള്‍ക്ക് തീറെഴുതുകയാണ്. ദേശീയപാത, റെയില്‍വേ, തുറമുഖം, വിമാനത്താവളം, മൊബൈല്‍ ടവര്‍, വൈദ്യുതി പ്രസരണ ലൈന്‍ എന്നിവയെല്ലാം കേന്ദ്രം വിറ്റുതുലയ്ക്കുകയാണ്. ജനാധിപത്യത്തെയടക്കം വിലയ്‌ക്കെടുത്ത് ജനവിരുദ്ധ നിയമങ്ങളുണ്ടാക്കി കര്‍ഷകരെയും ദ്രോഹിക്കുന്നു.

ഉല്‍പ്പന്നങ്ങള്‍ സ്വതന്ത്രമായി വില്‍ക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം കുത്തകകളെ സഹായിക്കാനാണെന്നും എളമരം കരീം പറഞ്ഞു. സംയുക്ത കിസാന്‍ മോര്‍ച്ച നടത്തുന്ന ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ഹര്‍ത്താലിന്റെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top