elamalakadu trees cut not premissin in thahasildar- highcourt

കൊച്ചി : ഏലമലക്കാടുകളായി വിജ്ഞാപനം ചെയ്തിട്ടുള്ള പ്രദേശങ്ങളില്‍ മരം മുറിക്കാന്‍ തഹസീല്‍ദാര്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പള്ളിവാസലിലെ മൂന്നാര്‍ ടീ ഗാര്‍ഡന്‍ റെസിഡന്‍സിയുടെ ഉടമസ്ഥതിയിലുള്ള 25 സെന്റ് സ്ഥലത്തെ ഒമ്പത് യൂക്കാലിപ്റ്റസ് മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട അപ്പീലിലാണ് ഹൈക്കോടതി ഇക്കാര്യം വിശദീകരിച്ചത്.

പള്ളിവാസലിലെ 25 സെന്റ് സ്ഥലത്ത് ഹോട്ടല്‍ നിര്‍മ്മിക്കുന്നതിനു വേണ്ടി യൂക്കാലിപ്റ്റസ് മരങ്ങള്‍ മുറിച്ചു നീക്കാന്‍ കഴിഞ്ഞ സെപ്തംബര്‍ മൂന്നിന് ദേവികുളം തഹസീല്‍ദാര്‍ അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് മൂന്നു മരങ്ങള്‍ മുറിച്ചു നീക്കുന്നതിനിടെ വനം വകുപ്പ് അധികൃതര്‍ തടഞ്ഞു. ഇതിനെതിരെ ഹോട്ടലുടമകള്‍ നല്‍കിയ ഹര്‍ജിയില്‍ മരങ്ങള്‍ മുറിച്ചു തുടങ്ങിയ സാഹചര്യത്തില്‍ ഒമ്പതു മരങ്ങളും മുറിച്ചു നീക്കാവുന്നതാണെന്ന് സിംഗിള്‍ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

1986 ലെ കേരള വൃക്ഷ സംരക്ഷണ നിയമപ്രകാരം ഏലമലക്കാടുകളിലെ മരം മുറിക്കാന്‍ തഹസീല്‍ദാറുടെ അനുമതി പര്യാപ്തമല്ലെന്ന് അപ്പീല്‍ പരിഗണിച്ച ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വനം വകുപ്പിലെ റേഞ്ച് ഓഫീസര്‍ക്കാണ് ഇത്തരത്തില്‍ അനുമതി നല്‍കാന്‍ അധികാരമുള്ളതെന്ന സര്‍ക്കാരിന്റെ വാദവും ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു.

Top