elaborate-plans-afoot-for-ldfs-human-chain against note ban

തിരുവനന്തപുരം: ഭരണപക്ഷത്തിന്റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഡിസംബര്‍ 29ന് നടക്കുന്ന മനുഷ്യച്ചങ്ങല ചരിത്ര സംഭവമാക്കാന്‍ സിപിഎം അണികള്‍ രംഗത്ത്.

നോട്ട് അസാധുവാക്കലിനെതിരായ രാജ്യത്തെ ഏറ്റവും ശക്തമായ പ്രതിഷേധം കേരളത്തില്‍നിന്നുയരുന്നതിന്റെ ആവേശത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. മറ്റു പാര്‍ട്ടികളെപോലെ പ്രസംഗത്തിലല്ല പ്രവര്‍ത്തിയിലാണ് കാര്യമെന്ന് 29ന് രാജ്യത്തെ ബോധ്യപ്പെടുത്തുമെന്നാണ് സിപിഎം നേതാക്കള്‍ ചൂണ്ടികാണിക്കുന്നത്.

തിരുവനന്തപുരം രാജ്ഭവന്‍ മുതല്‍ കാസര്‍കോട് ടൗണ്‍ വരെ 700 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഒരുക്കുന്ന ചങ്ങല മനുഷ്യ മതിലായി മാറുമെന്നാണ് സൂചന.

ചങ്ങലയില്‍ കണ്ണികളാകുന്നവര്‍ വ്യാഴാഴ്ച വൈകീട്ട് നാലിന് നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിലെത്തും. അഞ്ചിന് ജനലക്ഷങ്ങള്‍ കൈകോര്‍ത്ത് മനുഷ്യച്ചങ്ങല തീര്‍ക്കും.

നോട്ട് അസാധുവാക്കിയതോടെ ദുരിതത്തിലായ ജനങ്ങള്‍ മനുഷ്യച്ചങ്ങല വന്‍വിജയമാക്കാന്‍ സംസ്ഥാനത്തുടനീളം രംഗത്തിറങ്ങിയിട്ടുണ്ടെന്ന് ഇടതു മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.

പഞ്ചായത്ത് തല ജനകീയ കണ്‍വെന്‍ഷനുകളും പ്രചാരണജാഥകളും വലിയ ജനപങ്കാളിത്തത്തോടെ പൂര്‍ത്തിയായി. മനുഷ്യച്ചങ്ങലയുടെ സന്ദേശവുമായി ബൂത്ത് അടിസ്ഥാനത്തില്‍ എല്‍.ഡി.എഫ് പ്രവത്തകരും അനുഭാവികളും വീടുകള്‍ കയറി പ്രചാരണം നടത്തിവരികയാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ അറിയിച്ചു.

കലാ സാംസ്‌കാരിക കായിക പ്രതിഭകള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍, അധ്യാപകര്‍, ജീവനക്കാര്‍, തൊഴിലാളികള്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍പെട്ടവര്‍ മനുഷ്യച്ചങ്ങലയില്‍ കണ്ണികളാകും.

നരേന്ദ്രമോഡി സര്‍ക്കാരിന്റെ യുദ്ധപ്രഖ്യാപനത്തോടെ വിവരണാതീതമായ ദുരിതത്തിലായ ജനങ്ങള്‍ കൂട്ടത്തോടെ മനുഷ്യച്ചങ്ങലയില്‍ കണ്ണികളാകും. ചങ്ങല ചരിത്ര സംഭവമാക്കാന്‍ എല്‍ഡിഎഫ് ഘടകകക്ഷികളെല്ലാം തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിയതായും ഇടതുമുന്നണി കണ്‍വീനര്‍ വ്യക്തമാക്കി.

എല്‍ഡിഎഫുമായി സഹകരിക്കുന്ന ജെഎസ്എസ്, ഐഎന്‍എല്‍, സിഎംപി, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (ആര്‍ ബാലകൃഷ്ണപിള്ള) തുടങ്ങിയ പാര്‍ടികളും മനുഷ്യച്ചങ്ങലക്ക് അനുഭാവം പ്രകടിപ്പിച്ച് രംഗത്തുവന്നിട്ടുണ്ടെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

Top