ബിറ്റ്‌കോയിന് അംഗീകാരം നല്കി എല്‍ സാല്‍വഡോര്‍

സാന്‍ സാല്‍വഡോര്‍: ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന് അംഗീകാരം നല്‍കി എല്‍ സാല്‍വഡോര്‍. ആദ്യമായാണ് ഒരു രാജ്യം ഔദ്യോഗികമായി ബിറ്റ്‌കോയിന് അംഗീകാരം നല്‍കുന്നത്. പ്രസിഡന്റ് നായിബ് ബുകേലെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 90 ദിവസത്തിനകം ഇതു നിയമമാകുന്നതോടെ ഡിജിറ്റല്‍ കറന്‍സി വിനിമയം നിയമവിധേയമാകും.

എല്‍ സാല്‍വഡോര്‍ കോണ്‍ഗ്രസിലെ 84 അംഗങ്ങളില്‍ 62 പേരുടെ പിന്തുണയിലൂടെയാണ് ബിറ്റ്‌കോയിന്‍ നിയമസാധുതയോടെ ഉപയോഗിക്കാനുള്ള നിയമനിര്‍മാണത്തിന് അംഗീകാരം ലഭിച്ചത്. നിലവിലെ കറന്‍സിയായ ഡോളര്‍ തുടരും. രാജ്യത്ത് കൂടുതല്‍ നിക്ഷേപവും അതിലൂടെ സമ്പദ്സ്ഥിതി മെച്ചപ്പെടുമെന്നും പ്രസിഡന്റ് ട്വീറ്റ് ചെയ്തു. കൂടാതെ ബിറ്റ്‌കോയിനിലൂടെ രാജ്യത്ത് നിക്ഷേപം നടത്തുന്നവര്‍ക്ക് പൗരത്വം നല്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു.

ക്രിപ്‌റ്റോകറന്‍സി ഒരു വിര്‍ച്വല്‍ കറന്‍സിയാണ്. കംപ്യൂട്ടര്‍ സാങ്കേതികവിദ്യയിലെ ഗോപ്യഭാഷാസാങ്കേതം ഉപയോഗിച്ചു നിര്‍മ്മിച്ച സാങ്കല്‍പിക നാണയമാണു ക്രിപ്‌റ്റോകറന്‍സി എന്ന ഡിജിറ്റല്‍ കറന്‍സി. ബിറ്റ്‌കോയിനാണു ഏറ്റവും പ്രചാരമുള്ള ക്രിപ്‌റ്റോകറന്‍സി. ഒരു ബിറ്റ്‌കോയിന്റെ മൂല്യം ഇന്നലെ 35,197 ഡോളറാണ് (25.67 ലക്ഷം രൂപ).

Top