തുടർച്ചയായ അഞ്ചാം എൽ ക്ലാസ്സിക്കോയിലും റയലിന് വിജയം; സൂപ്പർ കപ്പ് ഫൈനലിൽ

റിയാദ്: സാവി എത്തിയിട്ടും എൽ ക്ലാസികോയിൽ ബാഴ്സലോണക്ക് വിജയമില്ല. ഇന്ന് സ്പാനിഷ് സൂപ്പർ കപ്പ് സെമി ഫൈനലിൽ നടന്ന എൽ ക്ലാസികോ വിജയിച്ച് റയൽ മാഡ്രിഡ് ഫൈനലിലേക്ക് മാർച്ച് ചെയ്തു. സൗദി അറേബ്യയിൽ വെച്ച് നടന്ന മത്സരത്തിൽ രണ്ടുനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ വിജയം. ഇത് തുടർച്ചയായ അഞ്ചാം എൽ ക്ലാസികോ ആണ് റയൽ മാഡ്രിഡ് വിജയിക്കുന്നത്.

ഇന്ന് ഗംഭീര മത്സരം തന്നെയാണ് കിങ് ഫഹദ് സ്റ്റേഡിയത്തിൽ കാണാൻ ആയത്. ആദ്യ പകുതി മികച്ച രീതിയിൽ അരംഭിച്ച റയൽ മാഡ്രിഡ് 25ആം മിനുട്ടിൽ ലീഡ് എടുത്തു. പ്രസിംഗിലൂടെ പന്ത് കയ്യിലാക്കി മുന്നേറിയ റയൽ മാഡ്രിഡ് ബെൻസീമയുടെ പാസിലൂടെ വിനീഷസിനെ കണ്ടെത്തി. വിനീഷ്യസ് പന്ത് വലയിൽ എത്തിക്കുകയും ചെയ്തു.

ഇതിന് ശേഷം ഉണർന്നു കളിച്ച ബാഴ്സലോണ 41ആം മിനുട്ടിൽ സമനില കണ്ടെത്തി. റയൽ മാഡ്രിഡ് ഡിഫൻസിന്റെ ഒരു ക്ലിയറൻസ് ലൂക് ഡി യോങിന്റെ കാലിൽ തട്ടി വലയിലേക്ക് പോവുക ആയിരുന്നു. സ്കോർ 1-1.

രണ്ടാം പകുതിയിൽ പെഡ്രി വന്നതോടെ ബാഴ്സലോണയുടെ പ്രകടനം മെച്ചപ്പെട്ടു. പക്ഷെ ഗോൾ നേടാൻ അവർക്ക് ആയില്ല‌. മറുവശത്ത് 65ആം മിനുട്ടിൽ ബെൻസീമയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. പിന്നാലെ 72ആം മിനുട്ടിൽ ബെൻസീമ തന്നെ വല കണ്ടെത്തി റയലിനെ മുന്നിൽ എത്തിച്ചു. സ്കോർ 2-1. ബെൻസീമയുടെ സീസണിലെ 23ആം ഗോളായിരുന്നു ഇത്. ഈ ഗോളിന് പിന്നാലെ അൻസു ഫതിയെയും ഡിപായെയും സാവി കളത്തിൽ എത്തിച്ചു.

83ആം മിനുട്ടിൽ അൻസു ഒരു ഹെഡറിലൂടെ വീണ്ടും കളി സമനിലയിൽ ആക്കി. 2-2. പരിക്ക് മാറി അൻസുവിന്റെ ആദ്യ മത്സരമായിരുന്നു ഇത്. കളി പിന്നീട് എക്സ്ട്രാ ടൈമിലേക്ക് എത്തി.

എക്സ്ട്രാ ടൈം ബാഴ്സലോണ ആയിരുന്നു നന്നായി തുടങ്ങിയത്. എന്നാൽ 97ആം മിനുട്ടിൽ ഒരു കൗണ്ടറിൽ നിന്ന് റയൽ ലീഡ് എടുത്തു. വലതു വിങ്ങിലൂടെ റോഡ്രി നടത്തിയ അറ്റാക്കിന് ഒടുവിൽ താരം ഗോൾ മുഖത്തേക്ക് പന്ത് തിരിച്ചുവിട്ടു. ആ പന്ത് ഒരു ഡമ്മിയിലൂടെ വിനീഷ്യസ് വാല്വെർദെക്ക് നൽകി. ഉറുഗ്വേൻ താരം അനായാസം ആ പന്ത് വലയിലും എത്തിച്ചു. സ്കോർ 3-2.

ഈ ഗോളിന് പിന്നലെ കോർതോയുടെ ഇരട്ട സേവുകൾ വേണ്ടി വന്നു റയലിന് ലീഡ് നിലനിർത്താൻ. പിന്നീടും ബാഴ്സലോണ അറ്റാക്കുകൾ വന്നു എങ്കിലും റയൽ തന്നെ കളി വിജയിച്ചു.

നാളെ നടക്കുന്ന രണ്ടാം സെമിയിൽ അത്ലറ്റിക്കോ മാഡ്രിഡും അത്ലറ്റിക് ബിൽബാവോയും നേർക്കുനേർ വരും. ഞായറാഴ്ച ആകും ഫൈനൽ നടക്കുക.

Top