എല്‍ക്ലാസിക്കോ: സ്പാനിഷ് വമ്പന്മാര്‍ക്ക് സമനിലയില്‍ അവസാനം

el clasico

ബാഴ്‌സലോണ: ലാ ലിഗയില്‍ ബാഴ്‌സലോണയുടെ അവസാന എല്‍ ക്ലാസിക്കോ പോരാട്ടം 2-2 സമനിലയില്‍ അവസാനിച്ചു. കിരീടമുറപ്പിച്ച ബാഴ്‌സലോണയും മൂന്നാം സ്ഥാനത്തുള്ള റയല്‍ മഡ്രിഡും നൂകാംപില്‍ ഏറ്റുമുട്ടിയപ്പോഴാണ് സമനിലയില്‍ പിരിഞ്ഞത്. പത്താം മിനിറ്റില്‍ ലൂയിസ് സുവാരസാണ് റയല്‍ വല കുലുക്കി ഗോളിന് തുടക്കമിട്ടത്. എന്നാല്‍ നാല് മിനിറ്റിനകം ക്രിസ്റ്റിയാനോ റൊണാള്‍ഡോ തിരിച്ചടിച്ചു. 52-ാം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ബാഴ്‌സയുടെ ലീഡ് ഉയര്‍ത്തി. പിന്നീട് 72-ാം മിനിറ്റില്‍ ഗാരെത് ബെയ്ല്‍ റയലിന്റെ രക്ഷകനായി അവതരിച്ചു സ്‌കോര്‍ തുല്യ നിലയിലാക്കുകയായിരുന്നു.

ഒന്നാം പകുതിക്ക് പിന്നാലെ കണങ്കാലിലെ പരിക്ക് കാരണം റൊണാള്‍ഡോയെ കളത്തില്‍ നിന്നും പിന്‍വലിച്ചിരുന്നു. എല്‍ ക്ലാസിക്കോ സമനിലയാണെങ്കിലും ലാ ലിഗയില്‍ റയലിനേക്കാള്‍ 15 പോയന്റ് മുമ്പിലാണ് ബാഴ്‌സയുള്ളത്.

അസന്‍സിയോയുടെ പാസില്‍ നിന്നായിരുന്നു ബെയിലിന്റെ ഗോള്‍. അവസാന മിനിറ്റുകളില്‍ ഇരുടീമും വിജയത്തിനായി പൊരുതിയെങ്കിലും എത്തിപ്പിടിക്കാനായില്ല. ബാക്കിയുള്ള നാല് മത്സരം കൂടി തോല്‍ക്കാതിരുന്നാല്‍ ലാ ലിഗ ചരിത്രത്തില്‍ പരാജയമറിയാതെ ചാമ്പ്യന്മാരായ ആദ്യ ക്ലബ്ബാകും ബാഴ്‌സ. 1930കളില്‍ ലീഗില്‍ 18 മത്സരമുള്ളപ്പോഴും ചാമ്പ്യന്മാര്‍ക്കു പരാജയം നേരിടേണ്ടി വന്നിരുന്നു.

Top