‘ഏക് ദിന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആദ്യ ഗാനവും പുറത്തിറങ്ങി

വാഗതനായ വിയാന്‍ വിഷ്ണു സംവിധാനം ചെയ്യുന്ന ‘ഏക് ദിന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഒരു ഗാനവും പുറത്തെത്തി. സെവന്‍ത് ഡേ, സിന്‍ജാര്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഷിബു ജി സുശീലന്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്.

ഏറേ പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, ദേവകി രാജേന്ദ്രന്‍, വൈഷ്ണവി വേണുഗോപാല്‍, ബിലാസ് നായര്‍, നന്ദന്‍ ഉണ്ണി, കോട്ടയം പ്രദീപ്, വി കെ ബൈജു, വിനോദ്, അജിത്ത് കുമാര്‍ തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫസ്റ്റ് ലുക്കിനൊപ്പം പുറത്തെത്തിയ ഗാനം പാടിയിരിക്കുന്നത് ഉണ്ണി മുകുന്ദന്‍ ആണ്. ‘വാ വാ വാ കേറി വാടാ’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീതം ജോസ് ഫ്രാങ്ക്‌ളിന്‍.

കൊച്ചിയിലും മുംബൈയിലുമായി വിവിധ ഷെഡ്യൂളുകളായി 120 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ബി കെ ഹരിനാരായണന്‍, വിനായക് ശശികുമാര്‍, ശബരീഷ് വര്‍മ്മ, ദീപക് റാം എന്നിവരുടെ വരികള്‍ക്ക് നവാഗതനായ ജോസ് ഫ്രാങ്ക്‌ലിന്‍ ആണ് സംഗീതം പകരുന്നത്. സിത്താര, ജാസി ഗിഫ്റ്റ്, ജോബ് കുര്യന്‍, വിധു പ്രതാപ്, ഹിഷാം അബ്ദുള്‍ വഹാബ്, സച്ചിന്‍ വാര്യര്‍, ഭദ്രാ റജിന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് ഗായകര്‍.

https://youtu.be/_y7LIRAs6Fk

ഒരു കൂട്ടം ചെറുപ്പക്കാരുടെ രണ്ടര വര്‍ഷത്തിലേറെ വരുന്ന അധ്വാനത്തിന്റെ ശ്രമഫലമാണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയ ‘എ മില്ല്യണ്‍ തിംഗ്‌സ്’ എന്ന ഹ്രസ്വ ചിത്രം ഒരുക്കി ശ്രദ്ധ നേടിയ ആളാണ് വിയാന്‍ വിഷ്ണു.

Top