യുഎഇയില്‍ വാക്സിന്‍ ലഭിച്ചവര്‍ 85 ശതമാനത്തിലേക്ക്; വാക്സിന്‍ എടുക്കാത്തവര്‍ക്ക് നിയന്ത്രണം

ദുബായ്: യുഎഇ ജനസംഖ്യയില്‍ വാക്സിന്‍ എടുക്കാന്‍ അര്‍ഹതപ്പെട്ടവരില്‍ 85 ശതമാനത്തോളം പേര്‍ക്ക് ഇതിനകം വാക്സിന്‍ ലഭിച്ചു കഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 84.66 ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കിക്കഴിഞ്ഞതായി നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി വക്താവ് ഡോ. തായര്‍ അല്‍ അമേരി അറിയിച്ചു.

ഏറെ വൈകാതെ സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. കൊവിഡ് ബാധ ഏറ്റവും കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള മുന്‍ഗണനാ വിഭാഗമായ 60നു വസ്സിനു മുകളിലുള്ളവരില്‍ 95 ശതമാനം പേരും ഇതിനകം വാക്സിന്‍ എടുത്തുകഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

ജനങ്ങള്‍ക്ക് ഏറ്റവും നല്ല വാക്സിനുകള്‍ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്നു എന്നതിനാല്‍ ലോകത്തെ തന്നെ ഏറ്റവും മികച്ച വാക്സിനേഷന്‍ ക്യാംപയിനുകളിലൊന്നാണ് യുഎഇയിലേത്.

നിലവില്‍ ഫൈസര്‍ ബയോണ്‍ടെക്, ഓക്സ്ഫോഡ് ആസ്ട്രാസെനക്ക, സ്പുട്നിക് വി, സിനോഫാം എന്നീ നാല് വാക്സിനുകളാണ് യുഎഇയില്‍ വിതരണം ചെയ്യുന്നത്. ചൈനീസ് വാക്സിനായ സിനോഫാം ഹയാത്ത് വാക്സിന്‍ എന്ന പേരില്‍ റാസല്‍ ഖൈമയിലെ ജുല്‍ഫറില്‍ നിന്ന് നിര്‍മിക്കുന്നുമുണ്ട്.

രാജ്യത്ത് കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ ഏറ്റവും മികച്ച സേവനങ്ങളാണ് പ്രത്യേകമായി നിര്‍മിച്ച ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ നിര്‍വഹിക്കുന്നതെന്നും ഡോ. അല്‍ അമേരി പറഞ്ഞു. ഇത്തരം 10 ഫീല്‍ഡ് ആശുപത്രികളാണ് യുഎഇയുടെ വിവിധ പ്രദേശങ്ങളിലായി നിര്‍മിച്ചത്.

ഇവിടങ്ങളിലായി കൊവിഡ് വൈറസ് കൈകാര്യം ചെയ്യാന്‍ പ്രത്യേക പരിശീലനം ലഭിച്ച 1500 മെഡിക്കല്‍ സ്റ്റാഫ് സേവനം ചെയ്യുന്നുണ്ട്. കൊവിഡ് ബാധിതരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ വലിയ പങ്കാണ് ഇവ വഹിക്കുന്നത്. 10 ആശുപത്രികളിലായി 3800 കൊവിഡ് ബാധിതരെ ചികില്‍സിക്കാനുള്ള സൗകര്യങ്ങളുണ്ട്.

ഇവിടങ്ങളില്‍ ലബോറട്ടറി, എക്സ്റേ, ഫാര്‍മസി തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിലെ റ്റേത് ആശുപത്രിയെയും പോലെ മികച്ച നിലവാരം പുലര്‍ത്തുന്നവയാണ് ഫീല്‍ഡ് ആശുപത്രികളും.

അതേസമയം, രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്കും വാക്സിന്റെ ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുത്തവര്‍ക്കുമാണ് യുഎഇയിലെ പൊതുപരിപാടികളില്‍ പ്രവേശനത്തിന് അനുമതിയുള്ളൂ. അല്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം.

അതേസമയം, മാസ്‌ക്ക് ധാരണം, സാമൂഹ്യ അകലം പാലിക്കല്‍ തുടങ്ങിയ പെരുമാറ്റച്ചട്ടങ്ങള്‍ നിര്‍ബന്ധമായും പാലിക്കുകയും വേണം. വാക്സിനെടുത്തു എന്ന് കരുതി കൊവിഡ് ബാധിക്കില്ലെന്ന് അര്‍ഥമില്ല. അതേസമയം, രോഗം സങ്കീര്‍ണമാവുന്നത് വലിയൊരുളവ് വരെ അത് തടയമെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ, ദുബായില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാത്ത കുട്ടികള്‍ക്ക് വിവാഹ വിരുന്നുകള്‍, കലാപരിപാടികള്‍, പ്രദര്‍ശന മേളകള്‍ തുടങ്ങിയ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ യുഎഇയില്‍ 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭ്യമാണ്.

ഇവര്‍ക്ക് ഫൈസര്‍ വാക്സിനാണ് നല്‍കുന്നത്. ഇവര്‍ക്ക് പ്രവേശനം അനുവദിക്കണമെങ്കില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കണം. അല്‍ ഹുസ്ന്‍ ആപ്പ്, ദുബായ് ഹെല്‍ത്ത് അതോറിറ്റി ആപ്പ് എന്നിവയിലെ വാക്സിനേഷന്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് കാണിച്ചാലും മതി. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ട്.

 

Top