അച്ഛന്‍ അമ്മയെ മര്‍ദിച്ചു; ഒന്നരകിലോമീറ്റര്‍ ഓടി പൊലീസ് സ്റ്റേഷനിലെത്തി മകന്‍

ലഖ്നൗ: അച്ഛന്റെ മര്‍ദ്ദനത്തില്‍നിന്ന് അമ്മയെ രക്ഷിക്കാനായി മകന്‍ ഓടിയത് ഒന്നരക്കിലോമീറ്റര്‍. അമ്മയെ അച്ഛന്‍ മര്‍ദിക്കുന്നത് കണ്ട് പേടിച്ച കുട്ടി ഓടി പൊലീസ് സ്റ്റേഷനിലെത്തി പൊലീസുകാരുടെ സഹായം തേടുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കെണ്ടിരിക്കുകയാണ്.

കബീര്‍നഗറിലെ വീട്ടില്‍ അച്ഛന്‍ അമ്മയെ തല്ലുന്നത് കണ്ട് ഭയന്ന മുഷ്താഖ് കരഞ്ഞുകൊണ്ടാണ് പൊലീസ് സ്റ്റേഷനിലേക്ക് ഓടിയത്. കരഞ്ഞുതളര്‍ന്ന മുഖവുമായി സ്റ്റേഷനിലേക്ക് കയറിവന്ന കുട്ടിയെ കണ്ട് പൊലീസുകാരും ആദ്യം അമ്പരന്നു. തുടര്‍ന്ന് മുഷ്താഖ് തന്നെ അച്ഛന്‍ അമ്മയെ മര്‍ദ്ദിക്കുന്ന വിവരം പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞു. കാര്യങ്ങള്‍ വിശദമായി കേട്ട പോലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ സംഭവസ്ഥലത്തെത്തുകയും കുട്ടിയുടെ അച്ഛനെ പിടികൂടുകയുമായിരുന്നു.

സംഭവം വിവരിച്ചുകൊണ്ട് രാഹുല്‍ ശ്രീവാസ്തവ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ട്വിറ്ററില്‍ ഒരു കുറിപ്പ് പങ്കുവെയ്ക്കുകയും ചെയ്തു. ഗാര്‍ഹികപീഡനത്തിനിരയായ അമ്മയെ രക്ഷിക്കാനായി ഇത്രയുംദൂരം ഓടി പൊലീസ് സ്റ്റേഷനിലെത്തിയ എട്ടുവയസ്സുകാരനില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നാണ് പൊലീസ് കാരന്‍ ചിത്രം പങ്കുവെച്ച് കൊണ്ട് പറഞ്ഞത്.

Top