സർക്കാർ-ഗവർണർ പോര്; സംസ്ഥാനത്തെ എട്ട് സർവകലാശാലകളിൽ സ്ഥിരം വി.സിമാർ ഇല്ല

തിരുവനന്തപുരം: ഒരു വര്‍ഷമായി സംസ്ഥാനത്തെ എട്ട് സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത് സ്ഥിരം വി.സിമാര്‍ ഇല്ലാതെ. സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് അയവില്ലാതെ തുടരുന്നതാണ് നിലവിലെ ഭരണപ്രതിസന്ധിയിയുടെ കാരണം. ഇതാദ്യമായാണ് ഇത്രയധികം നാള്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാര്‍ ഇല്ലാതെ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത്. കേരള, സാങ്കേതിക, എം.ജി, കുസാറ്റ്, കുഫോസ്, കാര്‍ഷിക, നിയമ സര്‍വകലാശാലകളില്‍ ഒരു വര്‍ഷമായി സ്ഥിരം നാഥനില്ല. അതുകൊണ്ട് തന്നെ സര്‍വകലാശാലാ നടപടിക്രമങ്ങള്‍ കൃത്യമായി നടക്കുന്നില്ലെന്ന പരാതിയും ഒരു വശത്ത് ഉയരുന്നുണ്ട്.

സെര്‍ച്ച് കമ്മിറ്റിയുടെ രൂപീകരണത്തിനുള്ള നടപടികള്‍ പോലും നടക്കാത്ത പശ്ചാത്തലത്തില്‍ അടുത്തെങ്ങും സ്ഥിരം ചുമതലക്കാര്‍ വരുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. മറുവശത്ത് ബില്ലുകള്‍ തടഞ്ഞുവച്ച് ഭരണപ്രതിസന്ധി ഉണ്ടാക്കുന്നുവെന്നു കാട്ടി സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.

കഴിഞ്ഞ ഒക്ടോബറിലാണ് സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചത്. സാങ്കേതിക സര്‍വകലാശാല വി.സിയായിരുന്ന എം.എസ് രാജശ്രീയെ നീക്കം ചെയ്തുകൊണ്ടുള്ള സുപ്രിംകോടതി ഉത്തരവിന്റെ ചുവടുപിടിച്ചായിരുന്നു ചാന്‍സലറുടെ നീക്കം. മുന്‍പെങ്ങും കാണാത്ത തരത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരിനുകൂടി ഈ ഇടപെടല്‍ തുടക്കമിട്ടു.

ഗവര്‍ണര്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ വി.സി നിയമനത്തിലെ ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്ന നിയമഭേദഗതി ആദ്യം തയാറാക്കി. പിന്നാലെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കുന്ന ബില്ലും. ഇതു രണ്ടും ഗവര്‍ണര്‍ അംഗീകരിക്കാതായതോടെ വി.സി നിയമനങ്ങള്‍ അവതാളത്തിലായി. ബില്‍ അംഗീകരിക്കാത്തിടത്തോളം സെര്‍ച്ച് കമ്മിറ്റിയിലേക്ക് ആളെ നല്‍കേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ കാലാവധി കഴിഞ്ഞ വി.സിമാര്‍ക്കു പകരം താത്കാലിക ചുമതല നല്‍കിയാണ് ഇപ്പോള്‍ എട്ടു സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത്.

Top