മാടിനെ അറുത്ത സംഭവം;യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയടക്കം എട്ടു പേര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂരില്‍ പരസ്യമായി മാടിനെ അറുത്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റിയടക്കം എട്ടു പേരെയാണ് കണ്ണൂര്‍ സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും.

കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് കണ്ണൂരില്‍ പരസ്യമായി മാടിനെ അറുത്തത്. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ നേരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെ മൂന്ന് പേരെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മാടിനെ പരസ്യമായി അറുത്തതിന് എതിരെ യുവമോര്‍ച്ച നല്‍കിയ പരാതിയില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കേസെടുത്തിരുന്നു.യുവമോര്‍ച്ചയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യൂത്ത് കോണ്‍ഗ്രസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

Top