യുദ്ധവിമാനങ്ങള്‍ നടത്തിയ ബോംബിങ്ങില്‍ കുട്ടികള്‍ അടക്കം എട്ടു പലസ്തീനികള്‍ കൊല്ലപ്പെട്ടു

ടെല്‍ അവീവ്: ഇസ്രയേല്‍ ഗാസയില്‍ കനത്ത വ്യോമാക്രമണം പുനരാരംഭിച്ചു. യുദ്ധവിമാനങ്ങള്‍ നടത്തിയ ബോംബിങ്ങില്‍ കുട്ടികള്‍ അടക്കം എട്ടു പലസ്തീനികള്‍ കൊല്ലപ്പെട്ടു. സമാധാന കരാര്‍ ലംഘിച്ച് ഹമാസ് മിസൈല്‍ തൊടുത്തതുകൊണ്ടാണ് വീണ്ടും ആക്രമണം തുടങ്ങിയതെന്ന് ഇസ്രയേല്‍ വാദിക്കുന്നത്. വടക്കന്‍ ഗാസയിലും തെക്കന്‍ ഗാസയിലും നിരവധി കേന്ദ്രങ്ങളില്‍ ഇസ്രയേലി യുദ്ധവിമാനങ്ങള്‍ ബോംബിട്ടു. കുട്ടികള്‍ അടക്കം നിരവധിപ്പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയമാണ് അറിയിച്ചത്. ഏഴു ദിവസത്തെ വെടിനിര്‍ത്തലില്‍ ഹമാസിന്റെ പിടിയിലായിരുന്ന 110 ബന്ദികളാണ് മോചിപ്പിക്കപ്പെട്ടത്.ഇസ്രയേലി ജയിലുകളില്‍ തടവിലായിരുന്ന 240 പലസ്തീനികളും സ്വതന്ത്രരായി.

വെടിനിര്‍ത്തല്‍ നീട്ടാന്‍ ഖത്തറിന്റെയും ഈജിപ്തിന്റെയും ശ്രമം തുടരുന്നതിനിടെ ആണ് അപ്രതീക്ഷിതമായി ഇസ്രയേല്‍ ഇന്ന് രാവിലെ വ്യോമാക്രമണം പുനരാരംഭിച്ചത്. സമാധാനക്കരാര്‍ ലംഘിച്ച ഹമാസ് ഇസ്രയേലി നഗരങ്ങള്‍ ലക്ഷ്യമാക്കി മിസൈല്‍ തൊടുത്തു എന്നാണ് ഇസ്രയേലിന്റെ ആരോപണം. ബന്ദികളായ എല്ലാ സ്ത്രീകളെയും മോചിപ്പിക്കുമെന്ന വാക്കും ഹമാസ് പാലിച്ചില്ലെന്നും ഇസ്രയേല്‍ കുറ്റപ്പെടുത്തി. വെടിനിര്‍ത്തല്‍ അവസാനിച്ച പ്രാദേശിക സമയം രാവിലെ ഏഴു മുതല്‍തന്നെ ഗാസയില്‍ കനത്ത ആക്രമണം ഇസ്രയേല്‍ തുടങ്ങുകയായിരുന്നു. സാധാരണക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ഇസ്രയേല്‍ ചെയ്യണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടു.

Top