ഐപിഎല്‍ 2024 സീസണിന് മുന്നോടിയായുള്ള മിനി താരലേലത്തില്‍ ഇടംപിടിച്ച് എട്ട് മലയാളികള്‍

ദുബായ്: ഐപിഎല്‍ 2024 സീസണിന് മുന്നോടിയായുള്ള മിനി താരലേലത്തില്‍ ഇടംപിടിച്ച് എട്ട് മലയാളികള്‍. രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, ഓള്‍റൗണ്ടര്‍മാരായ അബ്ദുള്‍ ബാസിത്, വൈശാഖ് ചന്ദ്രന്‍, സ്പിന്നര്‍ എസ് മിഥുന്‍, പേസര്‍മാരായ കെ എം ആസിഫ്, ബേസില്‍ തമ്പി, അകിന്‍ സത്താര്‍ എന്നിവരാണ് ലേലത്തിലുള്ള മലയാളി താരങ്ങള്‍. കേരളത്തിനായി കളിക്കുന്ന ശ്രേയസ് ഗോപാല്‍, ജലജ് സക്‌സേന എന്നിവരും ലേലപ്പട്ടികയില്‍പ്പെടുന്നു. ലേലത്തില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള മലയാളികള്‍ രോഹന്‍ കുന്നുമ്മലും ബേസില്‍ തമ്പിയുമാണ്. ഐപിഎല്ലില്‍ മുമ്പ് കളിച്ച പരിചയം ബേസിലിനുണ്ട്.

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലന്‍ഡിനായി മികച്ച പ്രകടനം പുറത്തെടുത്ത രചിനായും വാശിയേറിയ ലേലംവിളി പ്രതീക്ഷിക്കാം. ഓള്‍റൗണ്ടര്‍മാരെ സ്വന്തമാക്കാനാവും സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ് പരിശ്രമിക്കുക. രചിന്‍ രവീന്ദ്രയ്ക്ക് പുറമെ ന്യൂസിലന്‍ഡിന്റെ തന്നെ ജിമ്മി നീഷവും രാജസ്ഥാന്റെ റഡാറിലുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, രചിന്‍ രവീന്ദ്ര, ഹര്‍ഷല്‍ പട്ടേല്‍, വാനിന്ദു ഹസരങ്ക, ഷാര്‍ദ്ദുല്‍ താക്കൂര്‍, ജെറാള്‍ഡ് കോയെറ്റ്‌സി തുടങ്ങിയ താരങ്ങള്‍ക്ക് ലേലത്തില്‍ മികച്ച വില കിട്ടും എന്നാണ് പ്രതീക്ഷ. ഐപിഎല്ലിലേക്കുള്ള മടങ്ങിവരവില്‍ ഓസീസ് സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനാവും മിനി താരലേലത്തില്‍ ഉയര്‍ന്ന തുക ലഭിക്കുക എന്ന് പലരും കണക്കുകൂട്ടുന്നു.

ഐപിഎല്‍ പതിനേഴാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം ഇന്ന് ദുബായിലാണ് നടക്കുന്നത്. 333 താരങ്ങളാണ് ലേലത്തിലുള്ളത്. 214 ഇന്ത്യന്‍ താരങ്ങളും 119 വിദേശതാരങ്ങളും അന്തിമ പട്ടികയിലുണ്ട്. 10 ഫ്രാഞ്ചെസികളിലുമായി ആകെ 77 സ്‌പോട്ടുകളാണ് ഒഴിവുള്ളത്. ടീമുകള്‍ സ്വന്തമാക്കേണ്ട 77 താരങ്ങളില്‍ 30 പേര്‍ വിദേശികളാണ്. ലേലത്തിനുള്ള 116 താരങ്ങള്‍ ക്യാപ്ഡ് പ്ലെയര്‍സും 215 ആളുകള്‍ അണ്‍ക്യാപ്ഡുമാണ്. ദുബായില്‍ ഉച്ചയ്ക്ക് ഒരുമണിക്കാണ് ലേലത്തിന് തുടക്കമാവുക.

Top