ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് എട്ട് മരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഇന്ത്യ- ചൈന അതിര്‍ത്തിക്ക് സമീപത്തെ നിതി താഴ്‌വരയില്‍ വെള്ളിയാഴ്ചയുണ്ടായ ഹിമപാതത്തില്‍ എട്ടു പേര്‍ മരിച്ചു. ഹിമപാതത്തില്‍പെട്ട 384 പേരെ രക്ഷപ്പെടുത്തി.

ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബി.ആര്‍.ഒ) ക്യാമ്പില്‍ ജോലി ചെയ്യുന്നവരാണ് അപകടത്തില്‍പെട്ടത്. ജോഷിമഠ് സെക്ടറിലെ സുംന മേഖലയില്‍ ഇന്നലെയാണ് അപകടമുണ്ടായതെന്ന് ഇന്ത്യന്‍ സേനയുടെ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇവിടെ അഞ്ച് ദിവസമായി കനത്ത മഞ്ഞ് വീഴ്ചയും മഴയും തുടരുകയാണ്.

അപകടമുണ്ടായ ഉടനെ തന്നെ സൈന്യം സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. രക്ഷപ്പെടുത്തിയ തൊഴിലാളികളെ സൈനിക ക്യാമ്പിലേക്ക് മാറ്റി. തൊഴിലാളി ക്യാംപുകള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ പുരോഗമിക്കുകയാണ്. അപകടസ്ഥലത്തേക്ക് എത്തിച്ചേരാനുള്ള മാര്‍ഗങ്ങളില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായതിനാല്‍ കൂടുതല്‍ രക്ഷാസേനാസംഘങ്ങളുടെ നീക്കത്തിനു തടസ്സമുണ്ടാക്കി. ഈ പാതകളിലെ തടസ്സം നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടക്കുകയാണ്.

 

 

Top