വനിതാ ഐപിഎല്‍; അഞ്ച് നഗരങ്ങളില്‍ ടീം

മുംബൈ: വനിതാ ഐപിഎല്‍ പോരാട്ടങ്ങള്‍ക്ക് മാര്‍ച്ചില്‍ തുടക്കമാകാനിരിക്കെ ടീമുകളെ സ്വന്തമാക്കാനുള്ള ഒരുക്കങ്ങളും അണിയറയില്‍ സജീവം. അഞ്ച് ടീമുകളുമായാണ് കന്നി വനിതാ ഐപിഎല്‍ പോരിന് കളമൊരുങ്ങുന്നത്. നിലവില്‍ പുരുഷ ഐപിഎല്ലിലെ ടീം ഉടമകളില്‍ പലരും വനിതാ ടീമിനെ കൂടി സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പുരുഷ ഐപിഎല്ലിലെ പത്ത് ഫ്രാഞ്ചൈസികള്‍ എട്ട് പേരാണ് നിലവില്‍ ടീം സ്വന്തമാക്കാനുള്ള തയ്യറെടുപ്പുകളുമായി ഉള്ളത്. എട്ട് ഫ്രൈഞ്ചൈസികള്‍ ബിസിസിഐയില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കാനായി രംഗത്തുണ്ട്. സീല്‍ ചെയ്ത ബിഡുകള്‍ പരിശോധിച്ച് ഈ മാസം 25ന് ബിസിസിഐ ടീം വരാന്‍ പോകുന്ന നഗരത്തിന്റെ പേരും ടീമിനെ സ്വന്തമാക്കിയ ഫ്രാഞ്ചൈസികളേയും പ്രഖ്യാപിക്കും.

മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാനായി രംഗത്തുള്ളത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ടീമുകള്‍ ടെന്‍ഡര്‍ സമര്‍പ്പിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഈ മാസം മൂന്നിനാണ് ടീമുകളെ സ്വന്തമാക്കാനുള്ള ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടത്. ജനുവരി 21നകം ടെന്‍ഡര്‍ സമര്‍പ്പിക്കണം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ഗസ് പാര്‍ട്‌ണേഴ്‌സുമായി ചേര്‍ന്നാണ് ബിസിസിഐ ടെന്‍ഡറുകളുടെ മൂല്യനിര്‍ണയം നടത്തുക. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ 23വരെയും സമയം അനുവദിച്ചിട്ടുണ്ട്.

നിലവില്‍ പത്ത് നഗരങ്ങളുടെ പട്ടികയാണ് ടീം രൂപീകരണത്തിനായി ബിസിസിഐ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ അഞ്ച് നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ടീമുകള്‍. പത്ത് വര്‍ഷത്തേക്കായിരിക്കും ഫ്രൈഞ്ചൈസികളുടെ നടത്തിപ്പ് കാലാവധി.

ടീം സ്വന്തമാക്കാന്‍ ഒരുങ്ങുന്ന ലേലക്കാരന് കുറഞ്ഞത് ആയിരം കോടി രൂപയുടെ ആസ്തി നിര്‍ബന്ധമാണ്. അതേസമയം കമ്പനികള്‍ക്കോ കണ്‍സോര്‍ഷ്യങ്ങള്‍ക്കോ വനിതാ ടീമിനെ സ്വന്തമാക്കാന്‍ സാധിക്കില്ലെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

Top