ഇറ്റലിയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും എട്ടു മരണം; നിരവധി പേരെ കാണാനില്ല

റോം : ഇറ്റലിയിലെ വടക്കുകിഴക്കൻ മേഖലയായ എമിലിയ – റൊമാഞ്ഞയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും എട്ടു പേർ മരിക്കുകയും നിരവധിപേരെ കാണാതാവുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആയിരത്തിലധികം പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചു.

സാവിയോ നദി കരകവിഞ്ഞൊഴുകുന്നതിനാൽ പ്രദേശത്തെ വീടുകളിലും സ്ഥാപനങ്ങളിലും വലിയ തോതിൽ വെള്ളംകയറി. റോഡരികിൽ പാർക്കുചെയ്തിരുന്ന അനേകം കാറുകൾ ഒഴുകിപ്പോയതായും നാട്ടുകാർ പറഞ്ഞു. 600 അഗ്നിശമന സേനാംഗങ്ങൾ അടിയന്തര രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് സേവനം ചെയ്യുന്നുണ്ട്.

വെള്ളപ്പൊക്കം രൂക്ഷമായതിനാൽ ഈ വാരാന്ത്യത്തിൽ ഇമോലയിൽ നടക്കാനിരിക്കുന്ന ഫോർമുല വൺ ഗ്രാൻഡ് പ്രിക്സ് നിർത്തിവച്ചു. സ്‌കൂളുകൾ അടച്ചിടുകയും ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. മേഖലയിൽ ശക്തമായ മഴ തുടരുന്നതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Top